തുടർച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനൽ പരാജയത്തിന് പിന്നാലെ ഗാരത് സൗത്ഗേറ്റ് ഇംഗ്ലണ്ട് പരിശീലന സ്ഥാനം ഒഴിഞ്ഞു. ഫൈനലിൽ സ്പെയിനിനോട് 2-1 നു പരാജയപ്പെട്ടത് മുതൽ സൗത്ഗേറ്റിന് എതിരെ ആരാധകർ പ്രതിഷേധം ഉയർത്തിയിരുന്നു. 2011 മുതൽ എഫ്.എയിൽ ചേർന്ന സൗത്ഗേറ്റ് 2016 ൽ റോയ് ഹഡ്സൺ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഇംഗ്ലീഷ് പുരുഷ ടീമിന്റെ സ്ഥാനം ഏറ്റെടുത്തത്. തന്റെ താരങ്ങൾക്കും സഹപരിശീലകർക്കും എഫ്.എക്കും ആരാധകർക്കും നന്ദി രേഖപ്പെടുത്തിയ സൗത്ഗേറ്റ് ഇംഗ്ലണ്ട് പരിശീലകൻ ആവാൻ സാധിച്ചത് വലിയ ഭാഗ്യം ആണെന്നും ഇറക്കിയ പത്ര കുറിപ്പിൽ പറഞ്ഞു.
ഇംഗ്ലണ്ടിന് ആയി കളിക്കാനും പരിശീലിപ്പിക്കാൻ സാധിച്ചതും അഭിമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 102 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ച സൗത്ഗേറ്റ് ടീമിനെ രണ്ടു യൂറോ കപ്പ് ഫൈനലിലേക്കും 2018 ലോകകപ്പിലും സെമിഫൈനലിലേക്കും എത്തിച്ചിരുന്നു. നിലവിൽ ന്യൂകാസ്റ്റിൽ പരിശീലകൻ എഡി ഹൗ, ഗ്രഹാം പോട്ടർ, തോമസ് ടൂഹൽ, മൗറീസിയോ പോച്ചറ്റീന്യോ, ഇംഗ്ലണ്ട് അണ്ടർ 21 പരിശീലകൻ ലീ കാർസ്ലി എന്നിവരുടെ പേരാണ് പുതിയ പരിശീലകൻ ആയി പറഞ്ഞു കേൾക്കുന്നത്. സെപ്റ്റംബറിൽ നേഷൻസ് ലീഗിൽ റിപ്പബ്ലിക് ഓഫ് അയർലന്റ്, ഫിൻലന്റ് എന്നിവർക്ക് എതിരെയുള്ള മത്സരത്തിന് മുമ്പ് പുതിയ കോച്ചിനെ നിയമിക്കാൻ ആവും എഫ്.എ ശ്രമിക്കുക.