സിംബാബ്‌വെക്ക് എതിരായ രണ്ടാം ടി ട്വന്റി മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇന്ന് 101 റൺസിന്റെ വലിയ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പര 1-1 എന്നായി. ഇന്ന് ഇന്ത്യ ഉയർത്തിയ 235 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെക്ക് ആകെ 134 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ.
ഇന്ത്യക്ക് ആയി മുകേഷ് കുമാറും ആവേശ് ഖാനും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. രവി ബിഷ്ണോയി 2 വിക്കറ്റും നേടി.
ഇന്ന് ആദ്യം ബാറ്റ്യ് ചെയ്ത ഇന്ത്യ 20 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസ് നേടിയിരുന്നു. ഇന്നലെ സിംബാബ്‌വെയോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യ യുവനിര ഇന്ന് തങ്ങളുടെ മികവ് തെളിയിക്കാൻ ഉറപ്പിച്ചു തന്നെയായിരുന്നു കളത്തിൽ ഇറങ്ങിയത്. ഓപ്പണർ അഭിഷേക് ശർമയുടെ മികച്ച സെഞ്ച്വറി ആണ് ഇന്ത്യക്ക് ഇന്ന് കരുത്തായത്.
ഇന്നലെ ഡക്കിൽ പോയതിന്റെ വിഷമം അഭിഷേക് തന്റെ രണ്ടാം അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ച്വറിയുമായി തിളങ്ങി കൊണ്ട് തീർത്തു. ഇന്ന് വെറും 47 പന്തിൽ നിന്നാണ് അഭിഷേക് ശർമ സെഞ്ച്വറി നേടിയത്. അതും ഹാട്രിക് സിക്സുകൾ അടിച്ചായിരുന്നു അഭിഷേക് സെഞ്ച്വറിയിലേക്ക് എത്തിയത്. ആകെ 8 സിക്സും ഏഴ് ഫോറും അഭിഷേക് ശർമ്മ ഇന്ന് അടിച്ചു.
അഭിഷേകിനെ കൂടാതെ എന്ന ഋതുരാജ് ഗെയ്ക്വാദും റിങ്കുവും ഇന്ത്യക്കായി തിളങ്ങി. തുടക്കത്തിൽ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി എങ്കിലും അഭിഷേക് ശർമയും റുതുരാജും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഋതുരാജ് 47 പന്തിൽ നിന്ന് 77 റൺസ് എടുത്തു. 1 സിക്സും 11 ഫോറും താരം അടിച്ചു. റിങ്കു സിങ് 22 പന്തിൽ നിന്ന് 48 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 6 സിക്സും 2 ഫോറും റിങ്കുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.