മുഹമ്മദ് യാസിർ എഫ് സി ഗോവയിൽ കരാർ പുതുക്കി. ക്ലബ്ബുമായി നാല് വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചതായി ക്ലബ് പ്രഖ്യാപിച്ചു. 2023-24 സീസണിൽ ഒരു ഹ്രസ്വകാല കരാറിൽ ആയിരുന്നു യാസിർ ഗോവയിൽ ചേർന്നിരുന്നത്. അത് അവസാനിച്ചതൊടെയാണ് താരം ദീർഘകാല കരാർ ഒപ്പുവെച്ചത്. പുതിയ കരാർ 2027-28 സീസണിൻ്റെ സമാപനം വരെ നീണ്ടുനിൽക്കുന്നതാണ്.
“യാസിറിൻ്റെ പ്രകടനങ്ങൾ ശ്രദ്ധേയമാണ്. ഞാൻ ആദ്യമായി ഇന്ത്യയിൽ എത്തിയതുമുതൽ, എല്ലാ വർഷവും അദ്ദേഹം എൻ്റെ ടീമിൻ്റെ ഭാഗമാണ്. അവൻ ഇപ്പോൾ തീരുമാനമെടുക്കുന്നതിൽ കൂടുതൽ പക്വതയുള്ളവനാണ്, സാങ്കേതികമായി ഒരു മികച്ച കളിക്കാരനും കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഇടംകാല കളിക്കാരിൽ ഒരാളാണ് അദ്ദേഹം, ഓരോ സീസണിലും ഗോളുകളുടെയും അസിസ്റ്റുകളുടെയും കാര്യത്തിൽ അദ്ദേഹം തൻ്റെ കണക്കുകൾ മെച്ചപ്പെടുത്തുന്നു” എഫ്സി ഗോവയുടെ ഹെഡ് കോച്ച് മനോലോ മാർക്വേസ് യാസിറിനെ കുറിച്ചു പറഞ്ഞു.
എഫ്സി ഗോവയ്ക്കൊപ്പമുള്ള 13 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും നാല് അസിസ്റ്റുകളും 26കാരൻ നേടി. മുമ്പ് ഹൈദരാബാദ് എഫ് സിയുടെ താരമായിരുന്നു യാസിർ.