യൂറോ കപ്പ് 2024ൽ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ. ഇന്ന് പ്രീക്വാർട്ടറിൽ സ്ലൊവീന്യയുടെ വൻ പോരാട്ടം മറികടന്നായിരുന്നു പോർച്ചുഗൽ വിജയം. എക്സ്ട്രാ ടൈമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൾട്ടി പാഴാക്കുന്നത് കണ്ട മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു പോർച്ചുഗീസ് വിജയം. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾ രഹിതമായ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ ഡിയേഗോ കോസ്റ്റയുടെ മികവിൽ പോർച്ചുഗൽ 3-0ന് വിജയിച്ചു. ഹാട്രിക്ക് സേവുകൾ ആണ് കോസ്റ്റ ഷൂട്ടൗട്ടിൽ നടത്തിയത്.
ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. പോർച്ചുഗൽ ആണ് ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയത് എങ്കിലും അവർക്ക് സ്ലൊവീന്യൻ ഡിഫൻസ് ഭേദിക്കാൻ ആയില്ല. ആദ്യ പകുതിയിൽ ഗോൾ അടിച്ചില്ല എങ്കിലും ഒരു ഫ്രീ കിക്ക് ഉൾപ്പെടെ അറ്റാക്കിൽ റൊണാൾഡോ കളം നിറഞ്ഞു നിന്നു. ആദ്യ പകുതിയുടെ അവസാനം വിറ്റിനയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.
രണ്ടാം പകുതിയും അറ്റാക്കോടെ ആണ് പോർച്ചുഗൽ തുടങ്ങിയത്. 47ആം മിനുട്ടിൽ ഒരു സുവർണ്ണാവസരം ബെർണാർഡോ സിൽവ നഷ്ടപ്പെടുത്തി. ഇതിനു ശേഷം റൊണാൾഡോയുടെ ഒരു ഫ്രീകിക്ക് ഒബ്ലക് സേവും ചെയ്തു. നിശ്ചിത സമയം കഴിഞ്ഞിട്ടും പോർച്ചുഗലിനോ സ്ലൊവീന്യക്കോ ഗോൾ കണ്ടെത്താൻ ആയില്ല. കളി ഇതോടെ എക്സ്ട്രാ ടൈമിലേക്ക്.
എക്സ്ട്രാ ടൈമിലും സ്ലൊവീന്യൻ ഡിഫൻസ് ഭേദിക്കാൻ പോർച്ചുഗലിനായില്ല. അവസാനം 103 മിനുട്ടിൽ ജോടയെ ഫൗൾ ചെയ്തതിന് പോർച്ചുഗലിന് പെനാൾട്ടി ലഭിച്ചു. റൊണാൾഡോയുടെ പെനാൾട്ടി ഒബ്ലാക് സേവ് ചെയ്തു. കളി ഗോൾ രഹിതമായി തുടർന്നു.
115ആം മിനുട്ടി പെപെയുടെ ഒരു പിഴവിൽ നിന്ന് സെസ്കോയ്ക്ക് ഒഎഉ സുവർണ്ണാവസരം ലഭിച്ചു എങ്കിലും ഡിയേഗോ കോസ്റ്റയുടെ മാസ്മരിക സേവ് പോർച്ചുഗലിന്റെ രക്ഷകനായി. പോർച്ചുഗൽ അവസാന നിമിഷം വരെ വിജയഗോളിനായി ശ്രമിച്ചു എങ്കിലും ആ ഗോൾ വന്നില്ല. കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക്.
സ്ലൊവീന്യയുടെ ആദ്യ പെനാൾട്ടി കിക്ക് സേവ് ചെയ്ത് ഡിയേഗോ കോസ്റ്റ പോർച്ചുഗലിന് മുൻതൂക്കം നൽകി. പോർച്ചുഗലിന്റെ ആദ്യ കിക്ക് എടുത്ത റൊണാൾഡോ ഇത്തവണ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. പോർച്ചുഗൽ 1-0ന് മുന്നിൽ. സ്ലൊവീന്യയുടെ രണ്ടാം കിക്കും ഡിയേഗോ കോസ്റ്റ തടഞ്ഞു. പോർച്ചുഗലിന്റെ രണ്ടാം കിക്ക് ബ്രൂണോ അനായാസം വലയിൽ എത്തിച്ചു. സ്കോർ 2-0. കോസ്റ്റ മൂന്നാം കിക്കും തടഞ്ഞു. ഹാട്രിക്ക് സേവുകൾ. ബെർണാഡോ സിൽവ മൂന്നാം കിക്ക് വലയിൽ എത്തിച്ചതോടെ വിജയം പൂർണ്ണം. പോർച്ചുഗൽ ക്വാർട്ടറിൽ. ഇനി ഫ്രാൻസിനെ ആകും അവർ നേരിടുക.