ഹാർദിക് പാണ്ഡ്യ അവസാന കുറച്ച് മാസങ്ങളിൽ അനുഭവിച്ച വെറുപ്പും കളിയാക്കലും കായികരംഗത്ത് ആരെങ്കിലും മുമ്പ് അനുഭവിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിലേക്കുള്ള ഹാർദികിന്റെ തിരിച്ചുവരവ് ആയിരുന്നു ഹാർദികിനു മേലുള്ള വെറുപ്പുകളുടെ തുടക്കം. രോഹിത് ശർമ്മയെ ക്യാപ്റ്റൻസ് സ്ഥാനത്ത് നിന്ന് നീക്കി ഹാർദികിനെ മുംബൈ ക്യാപ്റ്റൻ ആക്കിയതോടെ ഹാർദിക് എല്ലാവരുടെയും വില്ലനായി.
മുംബൈ ഇന്ത്യൻസിന്റെ പ്രകടനങ്ങൾ മോശമാവുക കൂടെ ചെയ്തതോടെ വെറുപ്പിന്റെ കാഠിന്യം കൂടി. പോയ ഗ്രൗണ്ടുകളിൽ എല്ലാം ഹാർദികിനെ ആളുകൾ കൂവി വിളിച്ചു. ഹാർദികിനെ കൂവരുത് എന്ന് സഹ കളിക്കാരും കമന്റേറ്റർമാരും ആവശ്യപ്പെടുന്ന ദുരവസ്ഥ വരെ ഉണ്ടായി. ഐ പി എൽ സീസണിൽ ഹാർദികിന്റെ ഫോമിനെയും ഇത് ബാധിച്ചു.
ഹാർദികിനെ ലോകകപ്പ് ടീമിൽ എടുക്കണോ എന്ന് വരെ ചർച്ചകൾ ഉയർന്നു. എന്നാൽ ഒന്നിലും ഹാർദിക് എന്ന പോരാളി തളർന്നില്ല. അഹങ്കാരമല്ല തന്റെ മുഖത്ത് ഉള്ളത് ആത്മവിശ്വാസമാണ് എന്ന് ഹാർദിക് വിളിച്ചു പറയുന്ന പ്രകടനമായിരുന്നു ലോകകപ്പിൽ കണ്ടത്. ശരിയായ ഓൾറൗണ്ടർ പ്രകടനം. ബാറ്റു കൊണ്ടും ബൗളു കൊണ്ടും അതിനിർണായക പ്രകടനങ്ങൾ.
ഇന്ന് അവസാനം ഹാർദിക് ചെയ്ത രണ്ട് ഓവറുകൾ അത്ര സമ്മർദ്ദം നിറഞ്ഞ ഓവറുകൾ ആയിരുന്നു. ഒന്ന് പാളിയാൽ ഹാർദികിനോടുള്ള വെറുപ്പ് പതിമ്മടങ്ങാവാൻ ചാൻസുള്ള സാഹചര്യം. പക്ഷെ ഹാർദിക് പതറിയില്ല. ക്ലാസന്റെയും മില്ലറിന്റെയും നിർണായക വിക്കറ്റുകൾ ഉൾപ്പെടെ ഇന്ത്യയുടെ വിജയം ഉറപ്പിച്ച രണ്ട് ഓവറുകൾ.
ആരൊക്കെ ഹാർദികിനെ വെറുത്തു എന്ന് പറഞ്ഞോ അവരൊക്കെ ഹാർദികിനെ ഇഷ്ടപ്പെട്ടു പോയ പ്രകടനം. ഹാർദിക് ഹൃദയം കീഴടക്കിയ ദിവസം.