സൂപ്പർ ലീഗ് കേരള ആദ്യ സീസൺ ആരംഭിക്കും മുമ്പ് കേരള ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത. മലയാള ചലച്ചിത്ര താരമായി പൃഥ്വിരാജ് സൂപ്പർ ലീഗ് കേരളയിലെ (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സിൽ സഹ ഉടമയാകും എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം ഓഹരി വാങ്ങിയതായാണ് റിപ്പോർട്ടുകൾ.
നേരത്തെ തൃശൂർ റോർസ് ടീമുമായി പൃഥ്വിരാജ് ചർച്ചകൾ നടത്തിയിരുന്നു എങ്കിലും ആ ചർച്ചകൾ വിജയിച്ചിരുന്നില്ല.മുൻ രാജ്യാന്തര ടെന്നിസ് താരം മഹേഷ് ഭൂപതിയും ചലച്ചിത്ര താരം ലാറ ദത്തയുമാണു നിലവിൽ കൊച്ചി പൈപ്പേഴ്സ് ടീം ഉടമകൾ. ഇവർക്ക് ഒപ്പം ഇനി പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും കൂടെ ടീമിന്റെ ഉടമകളായി ഉണ്ടാകും.
സൂപ്പർ ലീഗ് കേരളയുടെ ഭാഗമാകുന്ന ആദ്യ മലയാളി സെലിബ്രിറ്റി ആണ് പൃഥ്വി. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ലോഞ്ച് മെയ് മാസം നടന്നിരുന്നു. സെപ്റ്റംബറിൽ ആകും ലീഗിന്റെ ആദ്യ സീസൺ നടക്കുക.ആറ് ടീമുകൾ ആകും ആദ്യ സീസണിൽ കേരള സൂപ്പർ ലീഗിന്റെ ഭാഗമാവുക.
മലപ്പുറത്ത് നിന്ന് മലപ്പുറം ഫുട്ബോൾ ക്ലബ്, കോഴിക്കോട് നിന്ന് കോഴിക്കോട് സുൽത്താൻസ് എഫ് സി, തിരുവനന്തപുരം ആസ്ഥാനമായി തിരുവനന്തപുരം കൊമ്പൻസ്, തൃശ്ശൂരിൽ നിന്ന് തൃശ്ശൂർ റോർ ഫുട്ബോൾ ക്ലബ്, കണ്ണൂരിൽ നിന്ന് കണ്ണൂർ സ്ക്വാഡ് ഫുട്ബോൾ ക്ലബ്, കൊച്ചി ആസ്ഥാനമായി കൊച്ചി പൈപേഴ്സ് എന്നിവരാണ് ആദ്യ സീസണിലെ ടീമുകൾ.
ഈ വർഷം സെപ്റ്റംബറിൽ SLK ആരംഭിക്കുമെന്നും 45 മുതൽ 60 ദിവസം വരെ നീണ്ടു നിൽക്കും എന്നും KFA സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങൾ നടക്കുക. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം (കോഴിക്കോട്), ജെഎൽഎൻ സ്റ്റേഡിയം (കൊച്ചി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (മലപ്പുറം) എന്നിവ ആകും ആദ്യ സീസണിലെ വേദികൾ.
മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും ടെലിക്കാസ്റ്റും ചെയ്യും.