കോപ അമേരിക്കയിൽ ഉറുഗ്വേ അവരുടെ ഗംഭീര പ്രകടനം തുടരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അവർ മികച്ച വിജയം നേടി. ഇന്ന് ബൊളീവിയയെ നേരിട്ട ഉറുഗ്വേ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് ഇന്ന് വിജയിച്ചത്. ആദ്യ മത്സരത്തിൽ അവർ പനാമയെ 3-1നും തോൽപ്പിച്ചിരുന്നു.
ഇന്ന് മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ ഉറുഗ്വേ ലീഡ് എടുത്തു. അറോഹോയുടെ പാസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഫകുണ്ടോ പെലിസ്ട്രിയാണ് ഉറുഗ്വേയുടെ ഗോൾ വേട്ട ആരംഭിച്ചത്. 21ആം മിനുട്ടിൽ ലിവർപൂൾ താരം ഡാർവിൻ നൂനിയസിന്റെ ഇടം കാലൻ ഫിനിഷിലൂടെ ഉറുഗ്വേ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ മാക്സ്മിലിയാനോ അറോഹോയുടെ ഫിനിഷ് സ്കോർ 3-0 ആക്കി. അവിടെയും ബിയെൽസയുടെ ടീം നിർത്തിയില്ല. 81ആം മിനുട്ടിൽ പെലിസ്ട്രിയുടെ അസിസ്റ്റിൽ നിന്ന് റയൽ മാഡ്രിഡ് താരം ഫെഡെ വെൽവെർദെയിലൂടെ നാലാം ഗോളും 89ആം മിനുട്ടിൽ ബെന്റകറിലുടെ അഞ്ചാം ഗീളും നേടി.
ഈ ജയത്തോടെ ഉറുഗ്വേ ഏതാണ്ട് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അമേരിക്കയെ ആണ് ഉറുഗ്വേ നേരിടേണ്ടത്.