ഗ്രൂപ്പ് സിയിൽ നിന്നു ഒന്നാം സ്ഥാനക്കാർ ആയി ഇംഗ്ലണ്ട് അവസാന പതിനാറിലേക്ക്. എന്നാൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിന് ഇന്ന് ജയിക്കാൻ ആയില്ല. സ്ലൊവേനിയക്ക് എതിരെ ഗോൾ രഹിത സമനിലയാണ് ഇംഗ്ലണ്ട് വഴങ്ങിയത്. പരമ ബോറ് കളിയാണ് കടുത്ത വിമർശനങ്ങൾക്ക് ഇടയിലും ഇംഗ്ലണ്ട് ഇന്നും പുറത്ത് എടുത്തത്. അലക്സാണ്ടർ അർണോൾഡിന് പകരം കോണർ ഗാലഗർ മധ്യനിരയിൽ വന്ന മത്സരത്തിൽ ഇംഗ്ലണ്ട് പന്തിൽ ആധിപത്യം കാണിച്ചു എങ്കിലും മികച്ച അവസരങ്ങൾ പോലും ഉണ്ടാക്കിയില്ല. ആദ്യ പകുതിയിൽ സാക ഫോഡന്റെ പാസിൽ നിന്നു നേടിയ ഗോൾ ഫോഡൻ ഓഫ് സൈഡ് ആയതിനാൽ അനുവദിച്ചില്ല.
രണ്ടാം പകുതിയിൽ പകരക്കാരായി വന്ന പാൽമർ, മൈനു എന്നിവരുടെ മികവിൽ ചെറിയ ഉണർവ് കണ്ടെങ്കിലും അവസാന നിമിഷങ്ങളിൽ കെയിനിന്റെ പാസിൽ നിന്നു ലഭിച്ച സുവർണ അവസരം മുതലാക്കാൻ കോൾ പാൽമറിന് ആയില്ല. സമനിലയോടെ ഗ്രൂപ്പിൽ 5 പോയിന്റുകളും ആയി ഇംഗ്ലണ്ട് അവസാന പതിനാറിലേക്ക് ഒന്നാമത് ആയി മുന്നേറി. സമനിലയോടെ ഗ്രൂപ്പിൽ 3 പോയിന്റുകളും ആയി സ്ലൊവേനിയയും അടുത്ത റൗണ്ടിലേക്ക് മുന്നേറി. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സെർബിയയെ ഗോൾ രഹിത സമനിലയിൽ പിടിച്ച ഡെന്മാർക്കും അവസാന പതിനാറിൽ ഇടം പിടിച്ചു.
സ്ലൊവേനിയക്കും ഡെന്മാർക്കിനും 3 പോയിന്റുകളും സമാന ഗോൾ വ്യത്യാസവും അടിച്ച ഗോളുകളും വഴങ്ങിയ ഗോളുകളും ഒരേപോലെയും സമാനമായ ഡിസിപ്ലിനറി റെക്കോർഡും ആയതിനാൽ യൂറോ യോഗ്യതയിൽ മുന്നിലുള്ള ഡെന്മാർക്ക് അതിനാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാർ ആയി. മത്സരത്തിൽ യൂറോയിൽ നിലനിൽക്കാൻ ജയം അനിവാര്യമായ സെർബിയക്ക് പക്ഷെ ഡെന്മാർക്ക് പ്രതിരോധം ഭേദിക്കാൻ ആയില്ല. ഇടക്ക് ഡെന്മാർക്ക് ഗോൾ നേടിയെങ്കിലും ഫൗൾ കാരണം അത് അനുവദിച്ചില്ല. രണ്ടാം പകുതിയിൽ സെർബിയ ഗോൾ കണ്ടെത്തിയെങ്കിലും ജോവിച് ഓഫ് സൈഡ് ആയതിനാലും അതും അനുവദിച്ചില്ല. അവസാന മിനിറ്റുകളിൽ ക്യാപ്റ്റൻ മിട്രോവിചിന്റെ ശ്രമം കൂടി പരാജയപ്പെട്ടതോടെ സെർബിയ നാട്ടിലേക്ക് ടിക്കറ്റ് എടുത്തു. അവസാന പതിനാറിൽ ഡെന്മാർക്ക് ആതിഥേയരായ ജർമ്മനിയെ ആണ് നേരിടുക.