ഇന്ന് കോപ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കോസ്റ്റ റിക്കയെ നേരിട്ട ബ്രസീലിന് വിജയം നേടാൻ ആയില്ല. ഒരു ഗോൾ രഹിത സമനിലയുമായി അവർ തൃപ്തിപ്പെടേണ്ടി വന്നു. നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഒരു ഗോൾ അടിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണ് ബ്രസീലിന്റെ മുൻനിരയിൽ ഇന്ന് കണ്ടത്.
വിനീഷ്യസ്, റോഡ്രിഗോ, റാഫീഞ്ഞ എന്നിവർ ആദ്യ ഇലവനിൽ ഉണ്ടായിരുന്നിട്ടും ആർക്കും സമനില പൂട്ട് പൊട്ടിക്കാൻ ആയില്ല. അവസാനം യുവ സ്ട്രൈക്കർ ആയ എൻഡ്രികിനെ ബ്രസീൽ കളത്തിൽ എത്തിച്ചു. എൻഡ്രികിനും ബ്രസീലിനെ രക്ഷിക്കാൻ ആയില്ല.
20ഓളം ഷോട്ടുകൾ ഇന്ന് ബ്രസീൽ തൊടുത്തു. പക്ഷെ ആകെ മൂന്ന് ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് എത്തിയുള്ളൂ. നെയ്മറിന്റെ അഭാവത്തിൽ ഗോൾ കണ്ടെത്താൻ ആൾ ഇല്ലാത്തത് ബ്രസീലിന് വലിയ പ്രശ്നമാവുകയാണ്. അവസാന നാലു മിനുട്ടുകളിൽ മാത്രം 2 സുവർണ്ണാവസരങ്ങളാണ് ബ്രസീലിന് ലഭിച്ചത്. രണ്ടു ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ബ്രസീലിനായില്ല.
ഇനി ജൂൺ 29ന് പുലർച്ചെ പരാഗ്വേക്ക് എതിരെ ആണ് ബ്രസീലിന്റെ മത്സരം.