യൂറോ കപ്പ് ഗ്രൂപ്പ് ബിയിൽ അവസാന നിമിഷ ഗോളിൽ വിജയം കൈവിട്ട് ക്രൊയേഷ്യ പുറത്ത്. വിജയം നിർബന്ധമായിരുന്ന മത്സരത്തിൽ ഇറ്റലിക്ക് എതിരെ 98ആം മിനുട്ട് വരെ മുന്നിട്ട് നിന്ന ശേഷം ആണ് ക്രൊയേഷ്യ സമനില വഴങ്ങിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പെയിൻ എതിരില്ലാത്ത ഒരു ഗോളിന് അൽബേനിയയെ തോൽപ്പിച്ചു. ഇതോടെ അൽബേനിയയും ക്രൊയേഷ്യയും പുറത്തായി.
ഇന്ന് ഗ്രൂപ്പ് ബിയിൽ ആര് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക് മുന്നേറും എന്ന് അറിയാനുള്ള പോരാട്ടമായിരുന്നു. സ്പെയിൻ ഇന്ന് മത്സരം ആരംഭിക്കും മുമ്പ് തന്നെ പ്രീക്വാർട്ടറിൽ എത്തും എന്ന് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇറ്റലിയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരത്തിൽ ആയിരുന്നു ഏവരുടെയും ശ്രദ്ധ.
സ്പെയിൻ അൽബേനിയക്ക് എതിരെ തുടക്കത്തിഒ തന്നെ ഗോളടിച്ചതോടെ അവർ 9 പോയിന്റിൽ എത്തി. 13ആം മിനുട്ടിൽ ഫെറാൻ ടോറസ് ആണ് സ്പെയിനായി ഗോളടിച്ചത്.
ഗ്രൂപ്പിൽ ഇതേ സമയം നടന്ന ഇറ്റലി ക്രൊയേഷ്യ പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഗോൾ വന്നില്ല. ക്രൊയേഷ്യ നല്ല നീക്കങ്ങൾ നടത്തി ചെറി മുൻതൂക്കം ആദ്യ പകുതിയിൽ പുലർത്തിയിരുന്നു. രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ഒരു ഹാൻഡ് ബോളിൽ ക്രൊയേഷ്യക്ക് അനുകൂലമായ പെനാൾട്ടി വിധി വന്നു. കിക്ക് എടുത്തത് മോഡ്രിച്.
മോഡ്രിചിന്റെ കിക്ക് ഡൊണ്ണരുമ്മ തടഞ്ഞു. എന്നാൽ അത് കഴിഞ്ഞ് സെക്കൻഡുകൾക്ക് അകം വന്ന ഒരു ക്രോസിന് ഒടുവിൽ മോഡ്രിച് തന്നെ ഗോളടിച്ചു കൊണ്ട് ക്രൊയേഷ്യക്ക് ലീഡ് നൽകി. സ്കോർ 1-0. ഇതിനു ശേഷം ക്രൊയേഷ്യ മികച്ഛു നിന്നു എങ്കിലും അവർ രണ്ടാം ഗോൾ നേടാത്തത് കൊണ്ട് എപ്പോൾ വേണമെങ്കിലും ഇറ്റലി തിരിച്ചുവരാം എന്ന അവസ്ഥയിൽ ആയിരുന്നു.
98ആം മിനുട്ടിൽ സക്കാഗ്നി ആണ് ഇറ്റലിക്ക് സമനില നൽകിയത്. കലഫോരി നടത്തിയ മികച്ച റണ്ണിന് ഒടുവിൽ നൽകിയ പാസ് സക്കാഗ്നി ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.
ഇതോടെ ഗ്രൂപ്പ് ബിയിൽ 4 പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്ത് എത്തി. ക്രൊയേഷ്യ 2 പോയിന്റുമായി മൂന്നാം സ്ഥാനത്തും. ഇതോടെ സ്പെയിനും ഇറ്റലിയും പ്രീക്വാർട്ടർ ഉറപ്പിച്ചു. 2 പോയിന്റുള്ള ക്രൊയേഷ്യക്ക് കണക്കിൽ ചെറിയ സാധ്യത ഉണ്ടെങ്കിലും ഇനി അവർ പ്രീക്വാർട്ടറിൽ എത്താൻ അത്ഭുതം നടക്കേണ്ടി വരും.