യൂറോകപ്പ് ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ തുർക്കിയെ തോൽപ്പിച്ചുകൊണ്ട് പോർച്ചുഗലും റൊണാൾഡോയും പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയിച്ചു കൊണ്ടാണ് പോർച്ചുഗൽ ഗ്രൂപ്പ് ഘട്ടം കടക്കും എന്ന് ഉറപ്പിച്ചത്. ആദ്യ മത്സരത്തിൽ പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്കിനെയും തോൽപ്പിച്ചിരുന്നു.
ഇന്ന് തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് പോർച്ചുഗൽ വിജയിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു അസിസ്റ്റുമായി മികച്ച പ്രവർത്തനം നടത്തി. ഇരുപത്തിയൊന്നാം മിനിറ്റിൽ ഇടതുഭാഗത്തുനിന്ന് നുനോ മെൻഡസ് നൽകിയ പാസ് ലക്ഷത്തിൽ എത്തിച്ചുകൊണ്ട് ബർണാഡോ സിൽവയാണ് പോർച്ചുഗലിന് ലീഡ് നൽകിയത്.
28ആം മിനിറ്റിൽ തുർക്കിയുടെ ഒരു അബദ്ധത്തിൽ നിന്ന് വന്ന സെൽഫ് ഗോൾ പോർച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കി. ഈ ടൂർണമെന്റിലെ ആറാമത്തെ സെൽഫ് ഗോൾ ആണ് ഇത്. രണ്ടാം പുകതിയിലും മികച്ച പ്രകടനം തുടർന്ന പോർച്ചുഗൽ 56ആം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസിലൂടെ മൂന്നാം ഗോൾ നേടി. റൊണാൾഡോ ഗോൾമുഖത്ത് വെച്ച് നൽകിയ അസിസ്റ്റിൽ നിന്നായിരുന്നു ബ്രൂണോയുടെ ഗോൾ.
അതിനുശേഷം സമ്മർദ്ദം ഇല്ലാതെ കളിച്ചു പോർച്ചുഗൽ വിജയം ഉറപ്പിച്ചു. രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ഗ്രൂപ്പിൽ ഇനി എന്തായാലും ആദ്യ സ്ഥാനത്ത് പോർച്ചുഗൽ ഫിനിഷ് ചെയ്യുമെന്ന് ഉറപ്പായി. ഇനി അവസാന മത്സരത്തിൽ അവർ ജോർജിയെ ആണ് നേരിടേണ്ടത്. തുർക്കി 3 പോയിന്റുമായി 2ആം സ്ഥാനത്ത് നിൽക്കുന്നു. ബാക്കി രണ്ട് ടീമുകൾക്കും ഓരോ പോയിൻറ് വീതമാണ് ഉള്ളത്.