2020 യൂറോ കപ്പിൽ ഇംഗ്ലണ്ട്, സ്കോട്ട്ലന്റ് മത്സരത്തിനു ശേഷം ഒരു ഗോൾ രഹിത സമനില യൂറോ കപ്പിൽ പിറന്നു. 50 മത്സരങ്ങൾക്ക് ശേഷമാണ് യൂറോ കപ്പിൽ ഒരു ഗോൾ രഹിത സമനില പിറന്നത്. ഗ്രൂപ്പ് ഡിയിൽ വമ്പന്മാരുടെ പോരാട്ടത്തിൽ ഫ്രാൻസും ഹോളണ്ടും സമനിലയിൽ പിരിയുക ആയിരുന്നു. ബോൾ കൈവശം വെക്കുന്നതിൽ ഫ്രാൻസിന്റെ ആധിപത്യം കണ്ടെങ്കിലും അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ഏതാണ്ട് ഇരു ടീമുകളും തുല്യമായിരുന്നു. ഇടക്ക് ഡച്ച് ടീമിന് ആയി ഫ്രിംപോങിന്റെ ശ്രമം ഫ്രഞ്ച് ഗോൾ കീപ്പർ തടഞ്ഞപ്പോൾ ഗ്രീൻസ്മാന്റെ ശ്രമം ഡച്ച് ഗോൾ കീപ്പർ രക്ഷിച്ചു.
ആദ്യ പകുതിയിൽ ലഭിച്ച സുവർണ അവസരം റാബിയോറ്റും ഗ്രീൻസ്മാനും തമ്മിലുള്ള ആശയക്കുഴപ്പം കാരണം നഷ്ടമായതും കണ്ടു. എംബപ്പെ ബെഞ്ചിൽ ആയത് ഫ്രഞ്ച് മുന്നേറ്റത്തിന്റെ വീര്യം കുറച്ചു. 69 മത്തെ മിനിറ്റിൽ സാവി സിംമൻസ് ഫ്രഞ്ച് വല കുലുക്കി. എന്നാൽ 2 മിനിറ്റ് നേരത്തെ വാർ പരിശോധനക്ക് ശേഷം ഓഫ് സൈഡിൽ ഉള്ള ഫ്രിംപോങ് ഫ്രഞ്ച് ഗോൾ കീപ്പർക്ക് തടസമുണ്ടാക്കുന്നു എന്ന കാരണം കൊണ്ട് ഗോൾ റഫറി നിഷേധിച്ചു. വിവാദ തീരുമാനം ആയിരുന്നു ഇത്. നിലവിൽ ഗ്രൂപ്പിൽ 4 പോയിന്റുകൾ ഉള്ള ഇരു ടീമുകളും ഏതാണ്ട് അവസാന 16 ഉറപ്പിച്ചു. അതേസമയം ഇതോടെ ഗ്രൂപ്പിൽ 2 കളിയും തോറ്റ പോളണ്ട് യൂറോ കപ്പിൽ നിന്നു പുറത്താവുന്ന ആദ്യ ടീമായി മാറി.