യൂറോ കപ്പിൽ ഇഞ്ച്വറി ടൈം ഗോളിൽ വിജയിച്ച് പോർച്ചുഗൽ. ഇന്ന് ചെക്ക് റിപ്പബ്ലികിനെ നേരിട്ട പോർച്ചുഗൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു പോർച്ചുഗലിന്റെ വിജയം. ഇഞ്ച്വറി ടൈമിൽ ആയിരുന്നു അവരുടെ വിജയ ഗോൾ വന്നത്.
ഇന്ന് ആദ്യ പകുതിയിൽ മികച്ച ഫുട്ബോൾ കളിക്കാൻ പോർച്ചുഗലിന് ആയെങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല. ബ്രൂണോ ഫെർണാണ്ടസ് രണ്ട് മികച്ച അവസരങ്ങൾ ആദ്യ പകുതിയിൽ ഒരുക്കി. ഒന്ന് മുതലെടുക്കാൻ റാഫേൽ ലിയാവോക്ക് ആയില്ല. മറ്റൊന്നു റൊണാൾഡോയ്ക്ക് കിട്ടിയ അവസരമായിരുന്നു. റൊണാൾഡോയുടെ ഷോട്ട് അസാധ്യമായ സേവിലൂടെ ചെക്ക് ഗോൾ കീപ്പർ സ്റ്റാനെക് തടഞ്ഞു.
രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ ചെക്ക് റിപ്പബ്ലിക് അവരുടെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റിലൂടെ ഗോൾ കണ്ടെത്തി. ലൂകാസ് പ്രൊവോർഡ് ആണ് ചെക്കിന് ലീഡ് നൽകിയത്. ഇതിനു ശേഷം ഉണർന്നു കളിച്ച പോർച്ചുഗൽ 69ആം മിനുട്ടിൽ സമനില കണ്ടെത്തി. ഒരു സെൽഫ് ഗോളാണ് പോർച്ചുഗലിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്.
ഇതിനു ശേഷം വിജയഗോളിനായുള്ള ശ്രമം ആയി. 87ആം മിനുട്ടിൽ ജോടയിലൂടെ പോർച്ചുഗൽ ലീഡ് എടുത്തു എങ്കിലും ബിൽഡ് അപ്പിൽ റൊണാൾഡോ ഓഫ് സൈഡ് ആണെന്ന് കണ്ടെത്തിയതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു. പക്ഷെ പോർച്ചുഗൽ തളർന്നില്ല. അവർ ഇഞ്ച്വറി ടൈമിൽ സബ്ബായി എത്തിയ കോൺസെസാവിലൂടെ വിജയ ഗോൾ നേടി. 21കാരന്റെ ഗോൾ പോർച്ചുഗലിന് വിജയം ഉറപ്പിച്ചു നൽകി.
ഇനി തുർക്കിയും ജോർജിയയും ആണ് പോർച്ചുഗലിന്റെ ഗ്രൂപ്പിലെ ശേഷിക്കുന്ന എതിരാളികൾ.