സെർബിയയുടെ ഫിലിപ്പ് കോസ്റ്റിച് യൂറോ കപ്പിൽ ഇനി കളിക്കില്ല. താരത്തിന്റെ പരിക്ക് സാരമുള്ളതാണ് എന്ന് സെർബിയ ടീം മാനേജ്മെന്റ് അറിയിച്ചു. താരം കൂടുതൽ ചികിത്സയ്ക്ക് വേണ്ടി സെർബിയയിലേക്ക് മടങ്ങും. ഇംഗ്ലണ്ടിന് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു കോസ്റ്റിചിന് പരിക്കേറ്റത്. റൗണ്ട് ഓഫ് 16ലേക്ക് മുന്നേറാനുള്ള സെർബിയയുടെ പ്രതീക്ഷകൾക്ക് കനത്ത പ്രഹരമാണ് ഈ പരിക്ക്.
വെൽറ്റിൻസ്-അറീനയിൽ നടന്ന മത്സരത്തിൽ ജൂഡ് ബെല്ലിംഗ്ഹാമിനെ ടാക്കിൾ ചെയ്യാനുള്ള ശ്രമത്തിനിടയിൽ ആയിരുന്നു കോസ്റ്റിചിന് പരിക്കേറ്റത്. 43-ാം മിനിറ്റിൽ താരം പുറത്ത് പോകേണ്ടി വന്നു. 31-കാരൻ്റെ ഇടതു കാൽമുട്ടിലെ ലാറ്ററൽ കൊളാറ്ററൽ ലിഗമെൻ്റിന് ഭാഗികമായ ക്ഷതം സംഭവിച്ചതായി ടീം ഡോക്ടർ പിന്നീട് സ്ഥിരീകരിച്ചു, കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണ്.