യൂറോ കപ്പ് 2024ൽ തകർപ്പൻ വിജയത്തോടെ സ്പെയിൻ. ഇന്ന് ബെർലിനിൽ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിക്കാൻ സ്പെയിന് ആയി. തകർപ്പൻ പ്രകടനമാണ് ഇന്ന് സ്പെയിൻ നടത്തിയത്. ക്രൊയേഷ്യ ചില നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവർക്ക് ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. പെനാൾട്ടി വരെ അവർ ഇന്നു നഷ്ടപ്പെടുത്തി.
മത്സരത്തിന്റെ 29ആം മിനുട്ടിൽ ക്യാപ്റ്റൻ മൊറാട്ടയിലൂടെ ആണ് സ്പെയിൻ ലീഡ് എടുത്തത്. ഫാബിയൻ റിയുസിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. 32ആം മിനുട്ടിൽ റിയുസിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. ഗംഭീര ഫുട്വർക്കിനു ശേഷമായിരുന്നു റിയുസിന്റെ ഫിനിഷ്.
ആദ്യ പകുതിയുടെ അവസാനം കാർവഹാൽ കൂടെ സ്പെയിനായി ഗോൾ നേടി. ലമിനെ യമാലിന്റെ ക്രോസിൽ നിന്നായിരുന്നു കാർവഹാലിന്റെ ഗോൾ. കാർവഹാലിന്റെ സ്പെയിനായുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.
രണ്ടാം പകുതിയിൽ ക്രൊയേഷ്യ നല്ല നീക്കങ്ങൾ നടത്തി എങ്കിലും ഫലം ഉണ്ടായില്ല. 80ആം മിനുട്ടിൽ ക്രൊയേഷ്യക്ക് ഒരു പെനാൾട്ടി ലഭിച്ചു എങ്കിലും പെകോവിചിന് കിക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ആ പെനാൾട്ടി സേവിനു ശേഷമുള്ള ഫോളോ അപ്പിൽ പെകോവിച് ഗോളടിച്ചു എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു.
സ്പെയിൻ ഇനി അടുത്ത മത്സരത്തിൽ ഇറ്റലിയെയും ക്രൊയേഷ്യ അൽബേനിയയെയും നേരിടും.