ടി20 ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ ന്യൂസിലൻഡ് രണ്ടാം പരാജയം വഴങ്ങി. ഇന്ന് വെസ്റ്റിൻഡീസിനെ നേരിട്ട ന്യൂസിലൻഡ് 13 റൺസിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. 150 എന്ന വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് ബാറ്റർമാർ ആകെ പതറുക ആയിരുന്നു. ആകെ 136/9 റൺസ് മാത്രമാണ് അവർ എടുത്തത്. 5 റൺസ് എടുത്ത കോൺവേ, 10 റൺസ് എടുത്ത രചിൻ രവീന്ദ്ര, 1 റൺ മാത്രമെ എടുത്ത കെയ്ൻ വില്യംസൺ, 12 റൺസ് എടുത്ത മിച്ചൽ എന്നിവർ നിരാശപ്പെടുത്തി.
26 റൺസ് എടുത്ത ഫിൻ അലനു മികച്ച തുടക്കം കിട്ടി എങ്കിലും ഒരു ദീർഘ ഇന്നിംഗ്സ് കളിക്കാൻ ആയില്ല. അവസാനം ഗ്ലെൻ ഫിലിപ്സ് പൊരുതി നോക്കി എങ്കിലും വിജയം ദൂരെ ആയിരുന്നു. 33 പന്തിൽ 40 റൺസ് എടുത്ത് ഫിലിപ്സ് പുറത്തായി. വെസ്റ്റിൻഡീസിനായി അൽസാരി ജോസഫ് നാല് വിക്കറ്റും ഗുദകേശ് മൂന്ന് വിക്കറ്റും നേടി. ന്യൂസിലൻഡ് ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനോടും പരാജയപ്പെട്ടിരുന്നു. ന്യൂസിലൻഡിന്റെ സൂപ്പർ 8 പ്രതീക്ഷകൾ ഇതോടെ മങ്ങിയിരിക്കുകയാണ്.
ഇന്ന് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 149 റൺസ് ആണ് എടുത്തത്. ഒരു ഘട്ടത്തിൽ 30/5 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡും വാലറ്റത്തിൽ മറ്റു താരങ്ങളും ചേര്‍ന്നുള്ള നിര്‍ണ്ണായക സംഭാവനകളാണ് മുന്നോട്ട് നയിച്ചത്. 39 പന്തിൽ നിന്ന് 68 റൺസാണ് റൂഥര്‍ഫോര്‍ഡ് നേടിയത്. 6 സിക്സുകള്‍ അടക്കം ആയിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
റൂഥര്‍ഫോര്‍ഡ് 68 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 17 റൺസ് നേടിയ നിക്കോളസ് പൂരന് മാത്രമാണ് വിന്‍ഡീസ് ടോപ് ഓര്‍ഡറിൽ റൺസ് കണ്ടെത്തിയ മറ്റൊരു താരം. അകീൽ ഹൊസൈന്‍(15), ആന്‍ഡ്രേ റസ്സൽ (14), റൊമാരിയോ ഷെപ്പേര്‍ഡ് (13) എന്നിവരുടെ നിര്‍ണ്ണായക സംഭാവനകളും ടീമിന് തുണയായി.
19ാം ഓവറിൽ ഡാരിൽ മിച്ചലിനെ മൂന്ന് സിക്സറുകള്‍ പറത്തി റൂഥര്‍ ഫോര്‍ഡ് തന്റെ അര്‍ദ്ധ ശതകം അതേ ഓവറിലെ അവസാന പന്തിൽ സ്വന്തമാക്കി. 33 പന്തിൽ നിന്നായിരുന്നു വെസ്റ്റിന്‍ഡീസ് താരത്തിന്റെ ഈ നേട്ടം.
ന്യൂസിലാണ്ടിന് വേണ്ടി ബോള്‍ട്ട് മൂന്നും സൗത്തി, ഫെര്ഗൂസൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ട്രെന്റ് ബോള്‍ട്ട് 16 റൺസ് വിട്ട് നൽകിയാണ് മൂന്ന് വിക്കറ്റ് നേടിയത്.