ടി20 ലോകകപ്പിൽ ഗ്രൂപ്പ് സി മത്സരത്തിൽ ന്യൂസിലാണ്ടിനെതിരെ 149 റൺസുമായി വെസ്റ്റിന്‍ഡീസ്. ഒരു ഘട്ടത്തിൽ 30/5 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡും വാലറ്റത്തിൽ മറ്റു താരങ്ങളും ചേര്‍ന്നുള്ള നിര്‍ണ്ണായക സംഭാവനകളാണ് മുന്നോട്ട് നയിച്ചത്. 39 പന്തിൽ നിന്ന് 68 റൺസാണ് റൂഥര്‍ഫോര്‍ഡ് നേടിയത്. 6 സിക്സുകള്‍ അടക്കം ആയിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
റൂഥര്‍ഫോര്‍ഡ് 68 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 17 റൺസ് നേടിയ നിക്കോളസ് പൂരന്‍ മാത്രമാണ് വിന്‍ഡീസ് ടോപ് ഓര്‍ഡറിൽ റൺസ് കണ്ടെത്തിയ മറ്റൊരു താരം. അകീൽ ഹൊസൈന്‍(15), ആന്‍ഡ്രേ റസ്സൽ (14), റൊമാരിയോ ഷെപ്പേര്‍ഡ് (13) എന്നിവരുടെ നിര്‍ണ്ണായക സംഭാവനകളും ടീമിന് തുണയായി.
19ാം ഓവറിൽ ഡാരിൽ മിച്ചലിനെ മൂന്ന് സിക്സറുകള്‍ പറത്തി റൂഥര്‍ ഫോര്‍ഡ് തന്റെ അര്‍ദ്ധ ശതകം അതേ ഓവറിലെ അവസാന പന്തിൽ സ്വന്തമാക്കി. 33 പന്തിൽ നിന്നായിരുന്നു വെസ്റ്റിന്‍ഡീസ് താരത്തിന്റെ ഈ നേട്ടം.
ന്യൂസിലാണ്ടിന് വേണ്ടി ബോള്‍ട്ട് മൂന്നും സൗത്തി, ഫെര്‍ഗൂസൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ട്രെന്റ് ബോള്‍ട്ട് 16 റൺസ് വിട്ട് നൽകിയാണ് മൂന്ന് വിക്കറ്റ് നേടിയത്.