ദോഹയിൽ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഖത്തറിന് ലഭിച്ച വിവാദ ഗോളിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഫിഫയോട് ആവശ്യപ്പെട്ടു. ഔദ്യോഗികമായി ഫിഫയെ ഈ കാര്യം ബോധിപ്പിച്ചതായി എഐഎഫ്എഫ് പ്രസിഡൻ്റ് കല്യാണ് ചൗബെ ബുധനാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.
അനീതിയാണ് നടന്നത് എന്നും ഇത് പരിഹരിക്കാനും കാര്യങ്ങൾ മെച്ചപ്പെടുത്താനും ഫിഫയോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്നലെ പന്ത് പുറത്ത് പോയ ശേഷം വീണ്ടും എടുത്തായിരുന്നു ഖത്തർ ഗോളടിച്ചത്.ഇത് ഇന്ത്യയുടെ പരാജയത്തിന് കാരണമായിരുന്നു.
പന്ത് പുറത്തേക്ക് പോയതിന് വ്യക്തമായ തെളിവുണ്ടായിട്ടും ദക്ഷിണ കൊറിയൻ റഫറി കിം വൂ-സങ് ഗോൾ അനുവദിച്ചതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായും എഐഎഫ്എഫ് പ്രസിഡൻ്റ് പറഞ്ഞു. ചൊവ്വാഴ്ച ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം. 1-0ന് ഇന്ത്യ മുന്നിട്ടു നിൽക്കെ വന്ന ഗോൾ ഇന്ത്യയുടെ പരാജയത്തിനും ഒപ്പം ഫിഫ ലോകകപ്പ് യോഗ്യത പ്രതീക്ഷ അവസാനിക്കാനും കാരണമായിരുന്നു.