ഈ ലോകകപ്പിൽ പാകിസ്ഥാൻ ആദ്യമായി വിജയിച്ചു. ഇന്ന് കാനഡയെ നേരിട്ട പാകിസ്താൻ 7 വിക്കറ്റ് വിജയമാണ് നേടിയത്. 107 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 17.3 ഓവറിൽ ലക്ഷ്യം കണ്ടു. റിസുവാനും ബാബറും ആണ് പാകിസ്താനായി തിളങ്ങിയത്. റിസുവാൻ 53 റൺസുമായി പുറത്താകാതെ നിന്നു. ബാബർ അസം 33 റൺസും എടുത്തു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത കാനഡ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 106 റൺസ് എടുത്തത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ കാനഡ ആക്രമിച്ചു കളിച്ചു എങ്കിലും പിന്നീട് തുടരെ തുടരെ കാനഡക്ക് വിക്കറ്റുകൾ നഷ്ടമായി. അർദ്ധ സെഞ്ച്വറി എടുത്ത ഓപ്പണർ ജോൺസൺ ആണ് കാനഡയെ 100 കടക്കാൻ സഹായിച്ചത്.
ജോൺസൺ 44 പന്തിൽ 52 റൺസ് എടുത്തു. നാല് സിക്സും ആറ് ഫോറും ജോൺസൺ ഇന്ന് അടിച്ചു. ആരോൺ ജോൺസൺ അല്ലാതെ ആകെ രണ്ടു താരങ്ങൾ മാത്രമാണ് ഇന്ന് കാനഡ നിരയിൽ രണ്ടക്കം കടന്നത്. പാകിസ്ഥാനായി മുഹമ്മദ് അമീർ, ഹാരിസ് റഹൂഫ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.