പ്ലേ ഓഫ് മോഹങ്ങളുമായി ആര്‍സിബിയും ചെന്നൈയും ഏറ്റുമുട്ടുമ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നേടിയത് 218 റൺസെന്ന മികച്ച സ്കോര്‍. ആര്‍സിബിയുടെ ബാറ്റ്സ്മാന്മാരെല്ലാം നിര്‍ണ്ണായക ബാറ്റിംഗ് കാഴ്ചവെച്ച മത്സരത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആണ് ടീം ഈ സ്കോര്‍ നേടിയത്. ഫാഫ് അര്‍ദ്ധ ശതകം നേടിയപ്പോള്‍ കോഹ്‍ലിയ്ക്കും രജത് പടിദാറിനും അര്‍ദ്ധ ശതകം നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്. കാമറൺ ഗ്രീനും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തപ്പോള്‍ ചുരുക്കും പന്തുകള്‍ കളിച്ച കാര്‍ത്തിക്കും മാക്സ്വെല്ലും വിലയേറിയ സംഭാവന നൽകിയാണ് മടങ്ങിയത്.
ഇന്ന് പരാജയപ്പെട്ടാലും പ്ലേ ഓഫിലേക്ക് എത്തുവാന്‍ ചെന്നൈ നേടേണ്ടത് 201 റൺസാണ്. ആര്‍സിബിയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ 18 റൺസിന്റെ വിജയം കൈവരിക്കണം.
ഓപ്പണര്‍മാര്‍ വിക്കറ്റ് നഷ്ടമില്ലാതെ പവര്‍പ്ലേ അവസാനിപ്പിച്ചപ്പോള്‍ ബെംഗളൂരു 42 റൺസാണ് നേടിയത്. വിരാട് കോഹ്‍ലി സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ ഫാഫ് ഡു പ്ലെസി റൺ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. 29 പന്തിൽ 47 റൺസ് നേടിയ കോഹ‍്‍ലിയെ മിച്ചൽ സാന്റനര്‍ പുറത്താക്കുമ്പോള്‍ ആര്‍സിബി ഓപ്പണര്‍മാര്‍ 78 റൺസാണ് നേടിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ 78/1 എന്ന സ്കോറായിരുന്നു ആര്‍സിബിയുടേത്.
പതിനൊന്നാം ഓവറിൽ രവീന്ദ്ര ജഡേജയെ കടന്നാക്രമിച്ച് ഫാഫ് ഡു പ്ലെസി തന്റെ സ്ട്രൈക്ക് റേറ്റും ആര്‍സിബിയുടെ റൺ റേറ്റും ഉയര്‍ത്തി. 20 റൺസാണ് ആ ഓവറിൽ നിന്ന് പിറന്നത്. 35 പന്തിൽ നിന്ന് ഫാഫ് തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ പവര്‍പ്ലേ അവസാനിച്ച സമയത്ത് താരം 21 പന്തിൽ നിന്ന് വെറും 19 റൺസായിരുന്നു നേടിയത്. ഫാഫ് – പടിദാര്‍ കൂട്ടുകെട്ടും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ ആര്‍സിയ്ക്കായി ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 20 പന്തിൽ നിന്ന് 35 റൺസാണ് നേടിയത്. 39 പന്തിൽ 54 റൺസ് നേടിയ ഫാഫ് റണ്ണൗട്ടായപ്പോളാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്.
പടിദാറും കാമറൺ ഗ്രീനും തകര്‍ത്താടിയപ്പോള്‍ മൂന്നാം വിക്കറ്റിലും ആര്‍സിബി റണ്ണടിച്ച് കൂട്ടി. 28 പന്തിൽ നിന്ന് 71 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 23 പന്തിൽ 41 റൺസ് നേടിയ പടിദാറിനെ പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ ആണ് ഈ കൂട്ടുകെട്ട് നേടിയത്.
ദിനേശ് കാര്‍ത്തിക് 6 പന്തിൽ 14 റൺസ് നേടി പുറത്തായപ്പോള്‍ 5 പന്തിൽ 16 റൺസുമായി മാക്സ്വെല്ലും നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ചു. കാമറൺ ഗ്രീന്‍ 17 പന്തിൽ 38 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ ആര്‍സിബി 218 റൺസാണ് 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.