ഐപിഎലില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് മുംബൈയ്ക്കെതിരെ 214 റൺസെന്ന മികച്ച സ്കോര്‍ നേടി. ഇന്ന് ടോസ് നേടി മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ നിക്കോളസ് പൂരന്റെയും കെഎൽ രാഹുലിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മിന്നും സ്കോറിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തിൽ 9.3 ഓവറിൽ 69/3 എന്ന നിലയിലായിരുന്ന ലക്നൗവിനെ നാലാം വിക്കറ്റിൽ 109 റൺസ് നേടി പൂരന് – രാഹുല്‍ കൂട്ടുകെട്ടാണ് വമ്പന്‍ സ്കോറിലേക്ക് നയിച്ചത്.
നുവാന്‍ തുഷാര എറിഞ്ഞ ആദ്യ ഓവറിൽ താന്‍ നേരിട്ട ആദ്യ പന്തിൽ ദേവ്ദത്ത് പടിക്കൽ പുറത്തായപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും (28) ദീപക് ഹൂഡയെയും പുറത്താക്കി പിയൂഷ് ചൗള ലക്നൗവിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. 44 പന്തിൽ 109 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ നുവാന്‍ തുഷാര തകര്‍ക്കുമ്പോള്‍ നിക്കോളസ് പൂരന് 29 പന്തിൽ നിന്ന് 75 റൺസാണ് നേടിയത്.
തൊട്ടടുത്ത പന്തിൽ അര്‍ഷദ് ഖാനെ പുറത്താക്കി തുഷാര തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ അടുത്ത ഓവറിലെ ആദ്യ പന്തിൽ പിയൂഷ ചൗള കെഎൽ രാഹുലിനെ പുറത്താക്കി. രാഹുല്‍ 41 പന്തിൽ 55 റൺസാണ് നേടിയത്.
ഏഴാം വിക്കറ്റിൽ ആയുഷ് ബദോനിയും ക്രുണാൽ പാണ്ഡ്യയും ചേര്‍ന്ന് നിര്‍ണ്ണായക റണ്ണുകള്‍ നേടിയപ്പോള്‍ ലക്നൗവിന്റെ സ്കോര്‍ 200 കടന്നു. 17 പന്തിൽ 36 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ക്രുണാൽ 7 പന്തിൽ 12 റൺസും ബദോനി 10 പന്തിൽ 22 റൺസും നേടി ലക്നൗവിനെ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസിലേക്ക് എത്തിച്ചു.
മുംബൈയ്ക്കായി പിയൂഷ് ചൗളയും നുവാന്‍ തുഷാരയും മൂന്ന് വീതം വിക്കറ്റ് നേടിയെങ്കിലും ജസ്പ്രീത് ബുംറയുടെ അഭാവം ടീമിന്റെ ബൗളിംഗ് നിരയിൽ പ്രകടമായിരുന്നു.