ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകനായി വിദേശ പരിശീകൻ എത്താൻ സാധ്യത. ബി സി സി ഐ അപേക്ഷ ക്ഷണിച്ചു എങ്കിലും അവരുടെ ചർച്ചകളിൽ പരിശീലകരായി രണ്ടു പേരുകളാണ് ഉള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗും മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിംഗും ആണ് ബി സി സി ഐ പരിഗണിക്കുന്ന പേരുകൾ.
ഇരുവരും ഇന്ത്യയിൽ നീണ്ട കാലമായി പരിശീലക റോൾ വഹിക്കുന്നവരാണ്. ഫ്ലെമിംഗ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ എല്ലാമെല്ലാം ആണ്. റിക്കി പോണ്ടിംഗ് ഇപ്പോൾ ഡെൽഹി ക്യാപിറ്റൽസിനൊപ്പവും പ്രവർത്തിക്കുന്നു. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാൽ ഇവരിൽ ഒരാൾ ആകണം പരിശീലകൻ എന്നാണ് ബി സി സി ഐ ആഗ്രഹിക്കുന്നത്.
ഇതിനായി ഇരുവരുമായും ചർച്ചകൾ അടുത്ത് തന്നെ ആരംഭിക്കും. മൂന്ന് ഫോർമാറ്റിനും യോജിച്ച പരിശീലകനെ ആണ് ബി സി സി ഐ തേടുന്നത്. ഇരുവരും ഇന്ത്യൻ പരിശീലകൻ എന്ന റോളിൽ താല്പര്യം കാണിക്കുന്നുണ്ടോ എന്നത് അടിസ്ഥാനമാക്കി ആകും ബി സി സി ഐ മുന്നോട്ട് പോവുക. പരിശീലക റോളിനായി മെയ് 27 വരെയാണ് അപേക്ഷ സമർപ്പിക്കാൻ ആവുക.