ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് പരാജയപ്പെടുത്തിയതോടെ RCB-യുടെ പ്ലേ ഓഫ് പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്. തുടർച്ചയായ അഞ്ച് വിജയങ്ങൾ നേടിയ ആർ സി ബി ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്താണ്. ഇപ്പോൾ 13 മത്സരങ്ങളിൽ നിന്ന് അവർക്ക് 12 പോയിൻ്റുണ്ട്. ഇനി അവർക്ക് മുന്നിൽ ഉള്ള അവസാന ലീഗ് മത്സരം അത് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആണ്. ആ കളിയുടെ ഫലം ആകും ആർ സി ബിയുടെയും ചെന്നൈയുടെയും പ്ലേ ഓഫ് സാധ്യത തീരുമാനിക്കുക.
സിഎസ്കെയെ വലിയ മാർജിനിൽ തോൽപ്പിക്കാൻ കഴിഞ്ഞാൽ ആർസിബിക്ക് 14 പോയിന്റിലും ഒപ്പം പ്ലേ ഓഫിലും എത്താൻ ആകും എന്നാണ് പ്രതീക്ഷ. അവസാന മത്സരത്തിൽ ചെന്നൈക്ക് എതിരെ 18 റൺസിനു മുകളിൽ ഉള്ള വിജയമോ 18 പന്ത് ബാക്കി നിൽക്കെ വിജയിക്കുകയോ ചെയ്താൽ ആർ സി ബിക്ക് നെറ്റ് റൺ റേറ്റിൽ ചെന്നൈയെ മറികടക്കാം. ഇപ്പോൾ ചെന്നൈക്ക് +0.52ഉം ആർ സി ബിക്ക് +0.38ഉം ആണ് നെറ്റ് റൺ റേറ്റ്.
ചെന്നൈക്ക് മേൽ ആർ സി ബിയുടെ റൺ റേറ്റു വന്നാൽ അവർക്ക് ഏതാണ്ട് പ്ലേ ഓഫ് ഉറപ്പാകും. പിന്നെ അവർക്ക് തടസ്സമായി ഉണ്ടാവുക ലഖ്നൗ സൂപ്പർ ജയൻ്റ്സ് ആകും. അവർ അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്ന് തോൽക്കുക എന്നതും ആർ സി ബിക്ക് അനുകൂലമായി നടക്കണം. ഡിസിക്കും ഗുജറാത്ത് ടൈറ്റൻസിനും ആർ സി ബി നേടാൻ സാധ്യതയുള്ള 14 പോയിൻ്റിലെത്താൻ കഴിയും എന്നാൽ നെറ്റ് റൺ റേറ്റിൽ ഈ രണ്ടു ടീമുകളും ഏറെ പിറകിൽ ആണ്.