ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച നിലയിൽ നിന്ന് തകര്‍ന്ന് ആര്‍സിബി. അവസാന ഓവറുകളിൽ വേണ്ടത്ര രീതിയിൽ ബൗണ്ടറി നേടുവാന്‍ സാധിക്കാതെ പോയതാണ് ആര്‍സിബിയ്ക്ക് തിരിച്ചടിയായത്. 187 റൺസ് ആര്‍സിബി 9 വിക്കറ്റ് നഷ്ടത്തിൽ നേടുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ 110 റൺസ് നേടിയ ടീമിന് അവസാന പത്തോവറിൽ 77 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ ആര്‍സിബിയ്ക്ക് നേടാനായത്.
ഫാഫ് ഡു പ്ലെസിയെ ആദ്യം നഷ്ടമായ ആര്‍സിബിയ്ക്ക് തൊട്ടടുത്ത ഓവറിൽ വിരാട് കോഹ്ലിയെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 36 റൺസായിരുന്നു. 13 പന്തിൽ 27 റൺസാണ് കോഹ്ലി നേടിയത്. പിന്നീട് രജത് പടിദാര്‍ – വിൽ ജാക്സ് കൂട്ടുകെട്ട് അടിച്ച് തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് പത്താം ഓവറിൽ ടീം സ്കോര്‍ 110 റൺസിലെത്തിച്ചു. നാലോളം അവസരങ്ങളാണ് ഡൽഹി ഫീൽഡര്‍മാര്‍ കൈവിട്ടത്. ഇതും ആര്‍സിബിയ്ക്ക് തുണയായി.
29 പന്തിൽ നിന്ന് അര്‍ദ്ധ ശതകം തികച്ച പടിദാര്‍ കഴിഞ്ഞ ഏഴ് ഇന്നിംഗ്സിലെ അഞ്ചാം അര്‍ദ്ധ ശതകം ആണ് ഈ സീസണിൽ നേടിയത്. 53 പന്തിൽ 88 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ റാസിഖ് സലാം ആണ് തകര്‍ത്തത്. 32 പന്തിൽ 52 റൺസ് നേടിയ രജത് പടിദാറിനെയാണ് താരം പുറത്താക്കിയത്.
29 പന്തിൽ 41 റൺസ് നേടിയ വിൽ ജാക്സിനെ കുൽദീപ് യാദവ് പുറത്താക്കിയതോടെ രണ്ട് സെറ്റ് ബാറ്റ്സ്മാന്മാരെയും ആര്‍സിബിയ്ക്ക് നഷ്ടമായി. ഇതിന് ശേഷം ആര്‍സിബിയുടെ കുതിപ്പിന് തടയിടുവാന്‍ ഡൽഹിയ്ക്ക് സാധിച്ചുവെങ്കിലും സ്ട്രാറ്റജിത് ടൈം ഔട്ടിന് ശേഷം കുൽദീപിനെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച് കാമറൺ ഗ്രീന്‍ റൺറേറ്റുയര്‍ത്തി. കുൽദീപിനെ സിക്സര്‍ പറത്തി ലോംറോര്‍ ഓവര്‍ അവസാനിപ്പിച്ചപ്പോള്‍ 22 റൺസാണ് ഓവറിൽ നിന്ന് വന്നത്.
37 റൺസ് ഗ്രീന്‍ – ലോംറോര്‍ കൂട്ടുകെട്ട് നേടിയെങ്കിലും ലോംറോറിനെ(13) പുറത്താക്കി ഖലീൽ അഹമ്മദ് ഈ കൂട്ടുകെട്ട് തകര്‍ത്തു. അതേ ഓവറിൽ ദിനേശ് കാര്‍ത്തിക്കിനെയും ഖലീൽ പുറത്താക്കിയപ്പോള്‍ സ്വപ്നിൽ സിംഗിനെ പുറത്താക്കി റാസിഖ് ആര്‍സിബിയുടെ 7ാം വിക്കറ്റ് നഷ്ടമാക്കി.
ഗ്രീന്‍ 24 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നാണ് ടീമിനെ 187 റൺസിലേക്ക് എത്തിച്ചത്.