കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ക്ലബിൽ തുടരുമോ എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല എന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. പുതിയ പരിശീലകൻ ആരാണെന്ന് തീരുമാനം ആയതിനു ശേഷം അദ്ദേഹവുമായി സംസാരിച്ച ശേഷം മാത്രമെ ലൂണ ഭാവി തീരുമാനിക്കൂ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവാൻ വുകമാനോവിചിനു പകരക്കാരനെ ബ്ലാസ്റ്റേഴ്സ് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ലൂണയെ സ്വന്തമാക്കാൻ ആയി ഗോവ ഉൾപ്പെടെയുള്ള ക്ലബുകൾ ഓഫർ മുന്നിൽ വെച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. താരം ഇതുവരെ ഈ ഓഫറുകളോട് പ്രതികരിച്ചിട്ടില്ല. ഇവാൻ വുകമാനോവിച് ക്ലബ് വിട്ട ഞെട്ടലിൽ നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന് ലൂണയെ കൂടെ നഷ്ടപ്പെട്ടാൽ അത് വലിയ തിരിച്ചടിയാകും.
ഇപ്പോൾ ഒരു സീസൺ കൂടെ ബ്ലാസ്റ്റേഴ്സിൽ ലൂണയ്ക്ക് കരാർ ഉണ്ട്. ലൂണയുടെ കരാർ 2025ലേക്ക് ബ്ലാസ്റ്റേഴ്സ് ഒരു മാസം മുന്നെ നീട്ടിയിരുന്നു.
അഡ്രിയാൻ നിക്കോളാസ് ലൂണ റെട്ടാമറു എന്ന ലൂണ മൂന്ന് വർഷം മുമ്പാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. അന്ന് മുതൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമാണ് ലൂണ. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻസിയും ലൂണയിൽ എത്തി. ഈ സീസണിൽ പരിക്ക് കാരണം ലൂണയെ ബ്ലാസ്റ്റേഴ്സിന് ഏറെ മത്സരങ്ങളിൽ നഷ്ടമായിരുന്നു.
ബ്ലാസ്റ്റേഴ്സിനായി മൂന്ന് സീസണിലായി 53 മത്സരങ്ങൾ ലൂണ കളിച്ചിട്ടുണ്ട്. 13 ഗോളുകളും 17 അസിസ്റ്റും ക്ലബിനായി ലൂണ സംഭാവന ചെയ്തു.