റിങ്കു സിംഗ് ഇന്ത്യയുടെ 15 അംഗ ടീമിൽ ഇല്ലാതിരുന്നത് നിർഭാഗ്യം കൊണ്ട് മാത്രമാൺന്ന് ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ. ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്താക്കാൻ ഇടംകയ്യൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അഗാർക്കർ പറഞ്ഞു. ബിസിസിഐ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഗാർക്കർ.
“ഇത് നിർഭാഗ്യകരമാണ്. ടീമിൽ ഇല്ലാത്തതിന് റിങ്കുവിന്റെ പ്രകടനവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞാൻ കരുതുന്നില്ല. അവൻ്റെ തെറ്റല്ല അവൻ ടീമിൽ ഇല്ലാത്തത്. ഇതിനകം തന്നെ മികച്ച ബാറ്റർമാർ ടീമിൽ ഉണ്ട്. അതിനാൽ മറ്റൊരു ബൗളിംഗ് ഓപ്‌ഷൻ ഉണ്ടെങ്കിൽ എന്ന് ഞങ്ങൾ ചിന്തിച്ചു. ടീമിൽ ഇല്ലെങ്കിലും റിങ്കു ഞങ്ങളുടെ ഒപ്പം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നുണ്ട്.” അഗാർക്കർ പറഞ്ഞു.
“ഒരുപക്ഷേ ഞങ്ങൾ എടുക്കാൻ ബുദ്ധിമുട്ടിയ ഏറ്റവും കഠിനമായ കാര്യം റിങ്കുവിന്റെ കാര്യത്തിൽ ആകും. അവനും ശുഭ്മാൻ ഗില്ലും തെറ്റൊന്നും ചെയ്തിട്ടില്ല. ഇത് കോമ്പിനേഷനുകൾ കണക്കാക്കിയാണ്. ഒരു സ്പിന്നറെ അധികം ഉൾപ്പെടുത്തുന്നതാണ് ശരി എന്ന് ഞങ്ങൾക്ക് തോന്നി” അഗാർക്കർ പറഞ്ഞു.