കേരള ബ്ലാസ്റ്റേഴ്സും ഒഡീഷയും തമ്മിലുള്ള പ്ലേ ഓഫ് മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾരഹിത സമനിലയിൽ നിൽക്കുന്നു. ആദ്യ പകുതിയിൽ വിവാദമായ ഒരു ഗോൾ ഒഡീഷ നേടി എങ്കിലും അവസാനം റഫറി ആ ഗോൾ നിഷേധിച്ചത് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.
ഇന്ന് മികച്ച രീതിയിൽ ആണ് ബ്ലാസ്റ്റേഴ്സ് കളി ആരംഭിച്ചത്. ഫെഡോറും ഐമനും ആദ്യ പത്ത് മിനുട്ടുകൾക്ക് അകം നല്ല രണ്ട് ഷോട്ടുകൾ ഒഡീഷ ഗോൾമുഖത്തേക്ക് തൊടുത്തു. പക്ഷെ രണ്ടും ടാർഗറ്റിൽ എത്തിയില്ല. 21ആം മിനുട്ടിൽ ഹോർമിയിലൂടെ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു. പക്ഷെ ഹോർമിയുടെ ഹെഡർ നേരെ ഗോൾ കീപ്പറുടെ കൈകളിലേക്ക് എത്തി.
28ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ആയിരുന്നു ഒഡീഷ ഗോൾ നേടിയത്. മൗർട്ടാഡ ഫോളിലൂടെ ആയിരുന്നു ഗോൾ. ഗോൾ അടിച്ച ഗോളും ഗോൾ നൽകിയ അഹ്മദ് ജാഹോയും ഓഫ്സൈഡ് ആയിരുന്നു. എന്നാൽ ലൈൻ റഫറി തന്റെ ഫ്ലാഗ് ഉയർത്തിയില്ല. കേരള ബ്ലാസ്റ്റേഴ്സ് പ്രതിഷേധിച്ചു. അവസാനം നീണ്ട ചർച്ചകൾക്ക് ശേഷം ആ ഗോൾ നിഷേധിക്കാൻ റഫറി തീരുമാനമെടുത്തു.
ആദ്യ പകുതിയിൽ ഇതിനു ശേഷം അധികം അവസരങ്ങൾ ഇരു ടീമുകൾക്കും സൃഷ്ടിക്കാൻ ആയില്ല. 45ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ ഇസാകിന് കിട്ടിയ അവസരം താരത്തിന് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല.