ഗുജറാത്ത് ടൈറ്റന്‍സിനെ 89 റൺസിനൊതുക്കി ലക്ഷ്യം 8.5 ഓവറിൽ നേടുമ്പോള്‍ ഡൽഹിയ്ക്ക് ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തം. ചെറിയ സ്കോറാണ് പിന്തുടര്‍ന്നതെങ്കിലും 4 വിക്കറ്റാണ് ടീമിന് നഷ്ടമായത്. ഇത് ഡൽഹിയുടെ ടൂര്‍ണ്ണമെന്റിലെ മൂന്നാം ജയം ആണ്. ഇതോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഡൽഹി ഉയര്‍ന്നു.
ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് 10 പന്തിൽ 20 റൺസുമായി മിന്നും തുടക്കം ടീമിന് നൽകിയപ്പോള്‍ രണ്ടാം ഓവറിലെ അവസാന പന്തിൽ താരത്തെ സ്പെന്‍സര്‍ ജോൺസൺ പുറത്താക്കുകയായിരുന്നു. 25 റൺസായിരുന്നു ഡൽഹിയുടെ അപ്പോളത്തെ സ്കോര്‍.
അടുത്ത ഓവറിൽ പൃഥ്വി ഷായെ പുറത്താക്കി സന്ദീപ് വാര്യര്‍ ഡൽഹിയ്ക്ക് രണ്ടാം തിരിച്ചടി നൽകി. 34 റൺസ് മൂന്നാം വിക്കറ്റിൽ നേടി അഭിഷേക് പോറെൽ – ഷായി ഹോപ് കൂട്ടുകെട്ട് പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ഡൽഹിയെ വിജയത്തിന് അടുത്തെത്തിച്ചു.
സന്ദീപ് വാര്യറെ ഒരോവറിൽ മൂന്ന് സിക്സും ഒരു ബൗണ്ടറിയും അടക്കം നേടി 23 റൺസ് ഡൽഹി ബാറ്റര്‍മാര്‍ നേടിയെങ്കിലും ഓവറിലെ അവസാന പന്തിൽ അഭിഷേക് പോറെലിന്റെ വിക്കറ്റ് സന്ദീപ് വാര്യര്‍ നേടി. 7 പന്തിൽ 15 റൺസായിരുന്നു അഭിഷേക് നേടിയത്.
പത്ത് പന്തിൽ 19 റൺസ് നേടിയ ഷായി ഹോപിനെ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ ഡൽഹിയ്ക്ക് 4ാം വിക്കറ്റ് നഷ്ടമായി. 25 റൺസ് അഞ്ചാം വിക്കറ്റിൽ നേടി ഋഷഭ് പന്ത് – സുമിത് കുമാര്‍ കൂട്ടുകെട്ട് 8.5 ഓവറിൽ വിജയത്തിലേക്ക് നയിച്ചു. പന്ത് 16 റൺസും സുമിത് കുമാര്‍ 9 റൺസും നേടി.