ജർമ്മനിയിൽ നടന്ന ആവേശകരമായ മത്സരത്തിന് ഒടുവിൽ അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് ഡോർട്മുണ്ട് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം പാദ മത്സരത്തിൽ 4-2ന്റെ വിജയമാണ് ബൊറൂസിയ ഡോർട്മുണ്ട് നേടിയത്. ആദ്യ പാദത്തിൽ 2-1ന് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചിരുന്നു. 5-4ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് ഡോർട്മുണ്ടിന്റെ വിജയം.
ഇന്ന് ആദ്യ പകുതി തീർത്തും ഡോർട്മുണ്ടിന് അനുകൂലമായിരുന്നു. 34ആം മിനുട്ടിൽ ഹൂലിയൻ ബ്രാൻഡിറ്റിന്റെ ഗോളിൽ ഹോം ടീം ലീഡ് എടുത്തു. 39ആം മിനുട്ടിൽ ഇയാൻ മാറ്റ്സന്റെ ഗോൾ കൂടെ വന്നതോടെ ഡോർട്മുണ്ട് 2-0ന് മുന്നിൽ.
രണ്ടാം പകുതിയിൽ കളി മാറി. 49ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് കളിയിലേക്ക് തിരികെ വന്നു. 64ആം മിനുട്ടിൽ കൊറേയയിലൂടെ അവർ സമനിലയിൽ നേടി. സ്കോർ 2-2. അഗ്രിഗേറ്റ് സ്കോറിൽ 4-3ന് അത്ലറ്റിക്കോ മാഡ്രിഡ് മുന്നിൽ.
പതറാതെ കളിച്ച ഡോർട്മുണ്ട് 71ആം മിനുട്ടിൽ ഫുൾകർഗിലൂടെ ലീഡ് തിരികെ നേടി. അധികം വൈകാതെ സബിറ്റ്സറിലൂടെ ഡോർട്മുണ്ടിന്റെ നാലാം ഗോളും വന്നു. സ്കോർ 4-2. അഗ്രിഗേറ്റ് സ്കോർ 5-4 എന്ന രീതിയിൽ ഡോർട്മുണ്ട് വിജയിച്ചു.
ഇനി സെമി ഫൈനലിൽ പി എസ് ജിയെ ആകും ഡോർട്മുണ്ട് നേരിടുക.