ജോസേട്ടന്‍ ജാതി ഗഡിയാ!!! രാജസ്ഥാന് അവസാന പന്തിൽ വിജയം

Sports Correspondent

Josbuttler
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിലെ  അവിശ്വസനീയ വിജയവുമായി രാജസ്ഥാന്‍ റോയൽസ്. ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് രാജസ്ഥാന്‍ റോയൽസ് ഇന്ന് ചേസ് ചെയ്തത്. ഒരു ഘട്ടത്തിൽ കൈവിട്ടുവെന്ന് കരുതിയ മത്സരത്തിൽ ജോസ് ബട്‍ലറുടെ പൊരുതി നേടിയ ശതകം ആണ് രാജസ്ഥാനെ അവസാന പന്തിൽ 2 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

ജോസ് ബട്‍ലര്‍ 60 പന്തിൽ 107 റൺസുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഒരുക്കിയപ്പോള്‍ 13 പന്തിൽ 26 റൺസ് നേടിയ റോവ്മന്‍ പവലും 14 പന്തിൽ 34 റൺസ് നേടിയ റിയാന്‍ പരാഗും നിര്‍ണ്ണായക സംഭാവന നൽകി.

മികച്ച രീതിയിൽ തുടങ്ങിയെങ്കിലും രാജസ്ഥാന് ജൈസ്വാളിനെ രണ്ടാം ഓവറിൽ നഷ്ടമായി 9 പന്തിൽ 19 റൺസാണ് താരം നേടിയത്. സഞ്ജു സാംസൺ അടുത്തതായി പുറത്തായപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 47 റൺസായിരുന്നു ഉണ്ടായിരുന്നത്. ജോസ് ബട്‍ലറും റിയാന്‍ പരാഗും അതിവേഗം തന്നെ ബാറ്റ് വീശിയപ്പോള്‍ പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 76/2 എന്ന നിലയിലായിരുന്നു. വൈഭവ് അറോറ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറിൽ 23 റൺസാണ് പിറന്നത്. ഓവറിൽ നിന്ന് ബട്‍ലര്‍ ഒരു സിക്സും പരാഗ് ഒരു സിക്സും രണ്ട് ബൗണ്ടറിയുമാണ് നേടിയത്.

Paragbuttler

പവര്‍പ്ലേയ്ക്ക് ശേഷം നരൈനെ ബൗളിംഗിലെത്തിയപ്പോള്‍ ഓവറിൽ നിന്ന് വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ രാജസ്ഥാന്‍ താരങ്ങള്‍ക്കായില്ല. ഹര്‍ഷിത് റാണയ്ക്കെതിരെ ഒരു സിക്സും ഒരു ഫോറും നേടിയ റിയാന്‍ പരാഗ് എന്നാൽ അതേ ഓവറിൽ തന്നെ പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. 14 പന്തിൽ 34 റൺസായിരുന്നു പരാഗ് നേടിയത്. മൂന്നാം വിക്കറ്റിൽ 21 പന്തിൽ നിന്ന് ഈ കൂട്ടുകെട്ട് 50 റൺസാണ് നേടിയത്.

ധ്രുവ് ജുറൈലിനെ സുനിൽ നരൈന്‍ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോള്‍ രാജസ്ഥാന്‍ 100/4 എന്ന നിലയിലേക്ക് വീണു. നരൈന്റെ ഓവറിൽ നിന്ന് വെറും മൂന്ന് റൺസാണ് വന്നത്.  പത്തോവര്‍ പിന്നിടുമ്പോള്‍ 109 റൺസായിരുന്നു നാല് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാന്‍ നേടിയത്.

Kolkataknightriders

ഹെറ്റ്മ്യറിന് മുന്നേ ഇറങ്ങിയ അശ്വിന് സ്കോര്‍ ബോര്‍ഡിൽ വലിയ ചലനം സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ താരത്തെ വരുൺ ചക്രവര്‍ത്തി പുറത്താക്കി. തൊട്ടടുത്ത പന്തിൽ ഹെറ്റ്മ്യറെയും പുറത്താക്കി വരുൺ ചക്രവര്‍ത്തി രാജസ്ഥാന്റെ നില കൂടുതൽ പരുങ്ങലിലാക്കി. പത്തോവറിന് ശേഷം കൊൽക്കത്ത സ്പിന്നര്‍മാര്‍ രാജസ്ഥാനെ പിടിച്ചുകെട്ടിയപ്പോള്‍ 36 പന്തിൽ നിന്ന് ജോസ് ബട്‍ലര്‍ തന്റെ അര്‍ദ്ധ ശതകം നേടി.

15ാം ഓവറിൽ വരുൺ ചക്രവര്‍ത്തിയ്ക്കെതിരെ നാല് ബൗണ്ടറിയാണ് ബട്‍ലര്‍ നേടിയത്. ഇതിൽ രണ്ടെണ്ണം എഡ്ജിലൂടെയാണ് ലഭിച്ചത്. 4 വിക്കറ്റ് മാത്രം കൈവശമുണ്ടായിരുന്ന രാജസ്ഥാന് അവസാന അഞ്ചോവറിൽ നിന്ന് 79 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

ആന്‍ഡ്രേ റസ്സൽ എറിഞ്ഞ 16ാം ഓവറിൽ റോവ്മന്‍പവലും ജോസ് ബട്‍ലറും ഓരോ സിക്സ് നേടിയപ്പോള്‍ 17 റൺസാണ് ഓവറിൽ നിന്ന് പിറന്നത്. അടുത്ത ഓവറിൽ ആദ്യ പന്തിൽ ബൗണ്ടറിയും അടുത്ത രണ്ട് പന്തിൽ സിക്സറും നേടിയ റോവ്മന്‍ പവലിനെ നരൈന്‍ വിക്കറ്റിന് മുന്നിൽ കുടുക്കി രാജസ്ഥാന്റെ പ്രതീക്ഷകള്‍ തകര്‍ത്തു.

മിച്ചൽ സ്റ്റാര്‍ക്കിനെ സിക്സോട് കൂടി വരവേറ്റ ബട്‍ലര്‍ താരത്തിനെതിരെ ഒരു ബൗണ്ടറി കൂടി നേടി. ഫിൽ സാള്‍ട്ടിന്റെ പിശകിൽ 5 വൈഡ് കൂടി ലഭിച്ചപ്പോള്‍ ഓവറിൽ നിന്ന് 18റൺസ് വന്നു. ഇതോടെ അവസാന രണ്ടോവറിൽ 28 റൺസ് എന്നായി രാജസ്ഥാന്റെ ലക്ഷ്യം.

ഹര്‍ഷിത റാണ എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 19 റൺസ് വന്നതോടെ രാജസ്ഥാന്റെ വിജയ ലക്ഷ്യം 9 റൺസായി മാറി അവസാന ഓവറിൽ. വരുൺ ചക്രവര്‍ത്തിയെ അടുത്ത ഓവറിലെ ആദ്യ പന്തിൽ സിക്സര്‍ നേടിയ ജോസ് ബട്ലര്‍ എന്നാൽ അടുത്ത മൂന്ന് പന്തിൽ സിംഗിള്‍ നേടാതിരുന്നപ്പോള്‍ അവസാന രണ്ട് പന്തിൽ മൂന്ന് റൺസായി വിജയ ലക്ഷ്യമായി മാറി.

അഞ്ചാം പന്ത് ഡബിള്‍ നേടിയ ജോസ് അവസാന പന്തിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു.