ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാചിനെ പുറത്താക്കില്ല. ജൂണിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളുടെ അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ വരെ ഇഗോർ സ്റ്റിമാചിന് എല്ലാ പിന്തുണയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഉറപ്പുനൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനെതിരയാ രണ്ട് മത്സരങ്ങളും ജയിക്കാൻ ആവാത്തതോടെ സ്റ്റിമാചിനെ പുറത്താക്കാൻ AIFF-നു മേൽ സമ്മർദ്ദം ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ പുറത്താക്കുന്നത് ശരിയല്ല എന്നും. അവസാന രണ്ട് യോഗ്യത റൗണ്ട് മത്സരങ്ങൾ കൂടെ വിലയിരുത്തിയ ശേഷം നടപടി എടുക്കാമെന്നുമാണ് AIFF തീരുമാനം. ഐഎം വിജയൻ്റെ നേതൃത്വത്തിലുള്ള എഐഎഫ്എഫിൻ്റെ സാങ്കേതിക സമിതി സ്റ്റിമാചിനെ പുറത്താക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ AIFF ജൂൺ വരെ സ്റ്റിമാചിനൊപ്പം നിൽക്കുന്നതാണ് ശരി എന്ന് വിധി എഴുതി.
ഇന്ത്യ മൂന്നാം റൗണ്ടിൽ ഇടം നേടുന്നതിൽ പരാജയപ്പെട്ടാൽ രാജി സമർപ്പിക്കുമെന്ന് സ്റ്റിമാച് പറഞ്ഞിട്ടുണ്ട്. 2026 ജൂൺ വരെ സ്റ്റിമാചിന് എഐഎഫ്എഫുമായി കരാറുണ്ട്. ഇന്ത്യയെ മൂന്നാം റൗണ്ടിലെത്തിച്ചാൽ കരാർ 2028 വരെ നീളും.