ഐപിഎലില്‍ തങ്ങളുടെ രണ്ടാം വിജയം കരസ്ഥമാക്കി രാജസ്ഥാന്‍. ഇന്ന് ഡൽഹി 186 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയപ്പോള്‍ ടീമിന് 173/5 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഡേവിഡ് വാര്‍ണറും ട്രിസ്റ്റന്‍ സ്റ്റബ്സും പൊരുതി നോക്കിയെങ്കിലും വിജയം സഞ്ജുവിനും സംഘത്തിനൊപ്പം നിന്നു. നേരത്തെ 36/3 എന്ന നിലയിൽ നിന്ന് പരാഗ് നേടിയ 84 റൺസാണ് രാജസ്ഥാനെ 185/5 എന്ന സ്കോറിലെത്തിച്ചത്.
ഡൽഹി ഓപ്പണര്‍മാര്‍ 30 റൺസുമായി കുതിയ്ക്കുമ്പോള്‍ 12 പന്തിൽ 23 റൺസ് നേടിയ മിച്ചൽ മാര്‍ഷിനെ നാന്‍ഡ്രേ ബര്‍ഗര്‍ പുറത്താക്കി. അതേ ഓവറിൽ റിക്കി ഭുയിയെയും ബര്‍ഗര്‍ പുറത്താക്കി. ഡേവിഡ് വാര്‍ണര്‍ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ കരുതലോടെ ഋഷഭ് പന്തും ക്രീസിൽ നിലയുറപ്പിച്ചപ്പോള്‍ പത്തോവറിൽ 89/2 എന്ന സ്കോറിലേക്ക് ഡൽഹി എത്തി.
എന്നാൽ അധികം വൈകാതെ ഡേവിഡ് വാര്‍ണറെ അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ ഡൽഹിയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. 34 പന്തിൽ 49 റൺസായിരുന്നു വാര്‍ണറുടെ സംഭാവന. 28 റൺസ് നേടിയ ഋഷഭ് പന്തിനെയും അധികം വൈകാതെ ഡൽഹിയ്ക്ക് നഷ്ടമായി. ചഹാലാണ് വിക്കറ്റ് നേടിയത്.
മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ വിജയത്തിനായി ഡൽഹി 66 റൺസായിരുന്നു നേടേണ്ടിയിരുന്നത്. കഴിഞ്ഞ മത്സരത്തിലെ അപകടകാരിയായ അഭിഷേക് പോറെലിനെ പുറത്താക്കി ചഹാൽ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.
17ാം ഓവറിൽ അശ്വിനെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് ട്രിസ്റ്റന്‍ സ്റ്റബ്സ് വിജയ ലക്ഷ്യം 18 പന്തിൽ 41 റൺസാക്കി. അടുത്ത ഓവറിൽ അവേശ് ഖാനെ ബൗണ്ടറി പായിച്ച് അക്സര്‍ തുടങ്ങിയെങ്കിലും പിന്നീട് വലിയ ഷോട്ടുകള്‍ വരാതിരുന്നപ്പോള്‍ ഓവറിൽ നിന്ന് 9 റൺസ് മാത്രം വന്നു. ഇതോടെ അവസാന രണ്ടോവറിലെ ലക്ഷ്യം 32 റൺസായി മാറി.
കഴിഞ്ഞ മത്സരത്തിലെ ഹീറോ സന്ദീപ് ശര്‍മ്മയെ ഒരു സിക്സും ബൗണ്ടറിയും നേടി ട്രിസ്റ്റന്‍ സ്റ്റബ്സ് ഡൽഹിയ്ക്ക് വിജയ പ്രതീക്ഷ സമ്മാനിച്ചു. എന്നാൽ സന്ദീപിനെ പിന്നീട് വലിയ ഷോട്ടുകള്‍ക്ക് പായിക്കുവാന്‍ സ്റ്റബ്സിന് സാധിക്കാതെ വന്നപ്പോള്‍ ഓവറിൽ നിന്ന് 15 റൺസ് വരികയും അവസാന ഓവറിലെ ലക്ഷ്യം 17 റൺസായി മാറി. അവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറിൽ വെറും 4 റൺസ് പിറന്നപ്പോള്‍ രാജസ്ഥാന്‍ 12 റൺസ് വിജയം കരസ്ഥമാക്കി. ട്രിസ്റ്റന്‍ സ്റ്റബ്സ് 23 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്നു. അക്സര്‍ പട്ടേൽ 13 പന്തിൽ 15 റൺസ് നേടി.
രാജസ്ഥാന് വേണ്ടി നാന്‍ഡ്രേ ബര്‍ഗറും യൂസുവേന്ദ്ര ചഹാലും രണ്ട് വീതം വിക്കറ്റ് നേടി.