യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്നലെ മ്യൂണിക്കൽ വച്ച് നടന്ന രണ്ടാം പാദ പ്രീക്വാട്ടർ പോരാട്ടത്തിൽ ലാസിയോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബയേൺ ക്വാർട്ടർ ഉറപ്പിച്ചത്. ആദ്യ പാദത്തിൽ ഒന്നേ പൂജ്യത്തിന് ഇറ്റലിയിൽ വച്ച് പരാജയപ്പെട്ട ബയേണ്‍ നിർണായക മത്സരം ആയിരുന്നു ഇന്നലെ നടന്നത്.
മത്സരത്തിൽ 3-0ന് വിജയിച്ചതോടെ 3-1ന്റെ അഗ്രിഗേറ്റ് സ്കോറുമായി ബയോൺ ക്വാർട്ടറിലേക്ക് മുന്നേറി. ആദ്യ പകുതിയിൽ 38ആം മിനിറ്റിൽ ഹാരി കെയ്നിലൂടെയാണ് ബയേൺ ലീഡ് എടുത്തത്. ഗുറേറയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ആദ്യ പകുതിയുടെ അവസാനം തോമസ് മുള്ളർ ബയേണിന്റെ രണ്ടാം ഗോൾ നേടി. ഇതോടെ ആദ്യ പകുതി 2-0 എന്ന നിലയിൽ അവസാനിച്ചു. മുള്ളറിന്റെ 54ആം ചാമ്പ്യൻസ് ലീഗ് ഗോൾ ആയിരുന്നു ഇത്.
രണ്ടാം പകുതിയിൽ 66ആം മിനിറ്റിൽ വീണ്ടും ഹാരി കെയ്ൻ സ്കോർ ചെയ്തതോടെ ബയേൺ വിജയം ഉറപ്പിച്ചു. സാനെയാണ് രണ്ടാം ഗോൾ ഒരുക്കിയത്. ഈ ഗോളോടെ ഈ സീസണിൽ കെയ്ന്‍ 33 ഗോളുകളായി. ഈ വിജയം പരിശീലകൻ തോമസ് ട്യൂഷലിന്റെ മേലെയുള്ള എല്ലാ വെല്ലുവിളിയും തൽക്കാലത്തേക്ക് ഇല്ലാതാക്കും. ഇനി ഈ സീസൺ അവസാനം വരെ തോമസ് ട്യൂഷൽ തന്നെ തുടരും എന്ന് പ്രതീക്ഷിക്കാം.