ഐപിഎൽ 2024-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിൽ രചിൻ രവീന്ദ്ര എം വി പി ആകും എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഐപിഎൽ 2024-ൻ്റെ ഉദ്ഘാടന മത്സരത്തിന് ഇനി രണ്ടാഴ്ച മാത്രമെ ഉള്ളൂ.
കോൺവെക്ക് പരിക്ക് ആണെങ്കിലും സിഎസ്‌കെയ്ക്ക് രവീന്ദ്രനുള്ളതിനാൽ അവർക്ക് കാര്യങ്ങൾ സുഖമായിരിക്കുമെന്ന് തൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ചോപ്ര പറഞ്ഞു. 2023 ഡിസംബറിൽ ദുബായിൽ നടന്ന ഐപിഎൽ 2024 മിനി ലേലത്തിൽ 1.80 കോടി രൂപയ്ക്കാണ് സിഎസ്‌കെ രവീന്ദ്രയെ സ്വന്തമാക്കിയത്.
“ഈ ടീമിന് കാര്യങ്ങൾ എപ്പോഴും എളുപ്പമാണ് എന്ന് എനിക്ക് തോന്നുന്നു, കാരണം അവർ എന്തെങ്കിലും ചെയ്യുകയും ആരെയെങ്കിലും പുതുതായി കണ്ടെത്തുകയും ചെയ്യുന്നു. രച്ചിൻ രവീന്ദ്ര കോൺവേയുടെ ബാക്കപ്പായി സി എസ് കെയിൽ ഉണ്ട്. ഒരു അത്ഭുതകരമായ കളിക്കാരനാണ് രചിൻ.” ആകാശ് പറഞ്ഞു.
“മികച്ച ലോകകപ്പ് ആയിരുന്നു രചിന്, അദ്ദേഹം അടുത്തിടെ ടെസ്റ്റിലും റൺസ് നേടിയിരുന്നു.” ചോപ്ര പറഞ്ഞു.
“എന്നിരുന്നാലും,അദ്ദേഹത്തിൻ്റെ ടി20 നമ്പറുകൾ മികച്ചതല്ല. ഇനി നിങ്ങൾക്ക് രചിൻ രവീന്ദ്രയുടെ ടി20 അവതാർ കാണാൻ ആകും. ഇടംകൈയ്യൻ ഓപ്പണറും ഇടങ്കയ്യൻ സ്പിന്നറും, ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനാകാനുള്ള എല്ലാ ചേരുവകളും അദ്ദേഹത്തിനുണ്ട്,” ചോപ്ര കൂട്ടിച്ചേർത്തു.