ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്ത മത്സരത്തിൽ അൽ നസറിന് സമനില. ഇന്ന് സൗദി ലീഗിൽ നടന്ന മത്സരത്തിൽ ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായ അൽ ഹസമിനോടാണ് അൽ നാസർ സമനില വഴങ്ങിയത്. എട്ടു ഗോളുകൾ പിറന്ന മത്സരം 4-4 എന്നാണ് അവസാനിച്ചത്.
അൽ നാസറിനായി ടലിസ്ക്ക ഹാട്രിക് നേടിയെങ്കിലും ഫലം ഉണ്ടായില്ല. ഇന്ന് പോയിൻറ് നഷ്ടപ്പെടുത്തിയതോടെ അൽ നസർ അൽ ഹിലാലിന് ഏറെ പിറകിലായി. അൽ നസറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അടിക്ക് തിരിച്ചടി എന്നപോലെ അൽ ഹസം ഒന്നിനു പിറകെ ഒന്നായി ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു കണ്ടത്. ആദ്യം ടെലിസ്ക ഹാട്രിക് നേടി മൂന്നുതവണ അൽനാസറിന് ലീഡ് നൽകി. മൂന്നുതവണയും അൽഹസമിന് തിരിച്ചടിച്ച് സമനില നേടാനായി.
അവസാനം 90 ആം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ സാഡിയോ മാനേ അൽ നസറിനെ 4-3ന് മുന്നിലെത്തിച്ചു. പക്ഷേ ആ ലീഡും നിലനിന്നില്ല. അധികം വൈകാതെ ഇഞ്ച്വറി ടൈമിൽ അൽ ഹസം റിക്കാർഡോയിലൂടെ സമനില നേടി. ഇതോടെ അൽ നസർ 22 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി ലീഗൽ രണ്ടാംസ്ഥാനത്ത് നിൽക്കുകയാണ്. ഒരു മത്സരം കുറവ് കളിച്ച അൽ ഹിലാൽ ആറ് പോയിന്റിന് മുന്നിലാണ് ഇപ്പോൾ. ഇന്ന് സമനില നേടി എങ്കിലും അൽ ഹസം ലീഗിൽ അവസാന സ്ഥാനത്ത് തന്നെയാണ്. റൊണാൾഡോ വിലക്ക് കിട്ടിയത് കൊണ്ടായിരുന്നു ഇന്ന് കളിക്കാതിരുന്നത്.