ലിവർപൂൾ കരാബാവോ കപ്പ് സ്വന്തമാക്കി. വെംബ്ലിയിൽ നടന്ന ഫൈനലിൽ ചെൽസിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ തോൽപ്പിച്ചത്. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ 117ആം മിനുട്ടിലാണ് വിജയ ഗോൾ വന്നത്.
ഇന്ന് വെംബ്ലിയിൽ ഗോൾ അധികം പിറന്നില്ല എങ്കിലും ആവേശത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. തുടക്കം മുതൽ ഒടുക്കം വരെ എൻഡ് ടു എൻഡ് ഫുട്ബോൾ ആണ് രണ്ട് ടീമുകളിൽ നിന്നും കാണാൻ ആയത്. ഇരുടീമുകളും പലപ്പോഴും ഗോളിന് അടുത്ത് എത്തി.
ആദ്യ പകുതിയിൽ സ്റ്റെർലിങിന്റെ ഒരു ഗോളും രണ്ടാം പകുതിയിൽ വാൻ ഡൈക് നേടിയ ഒരു ഗോളും നിഷേധിക്കപ്പെട്ടു. ഇതിൽ വാൻ ഡൈക് നേടിയ ഗോൾ ഓഫ്സൈഡ് എന്ന് വിധിച്ച തീരുമാനം ലിവർപൂൾ ആരാധകരെയും പരിശീലകനെയും ഞെട്ടിച്ചു. രണ്ടാം പകുതിയിൽ ചെൽസി താരം ഗാലഗറിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി.
സലാ, ജോട്ട, നൂനിയസ്, അലിസൺ, അർനോൾഡ് തുടങ്ങി പല പ്രധാന താരങ്ങളും ഇല്ലാത്തതിനാൽ പല യുവതാരങ്ങളെയും ക്ലോപ്പിന് ഇന്ന് ആശ്രയിക്കേണ്ടി വന്നു. യുവതാരങ്ങൾ അവസരത്തിന് ഒത്ത് ഉയർന്നത് കൊണ്ട് കളിയിൽ നിൽക്കാൻ ലിവർപൂളിനായി.
നിശ്ചിത സമയവും കഴിഞ്ഞ് എക്സ്ട്രാ ടൈമിൽ എത്തിയിട്ടും ഗോൾ വന്നില്ല. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തുമെന്ന് തോന്നിപ്പിച്ച സമയത്ത് 117ആം മിനുട്ടിൽ ലിവർപൂൾ വിജയം നേടി. ഒരു കോർണറിൽ നിന്ന് വാൻ ഡൈക് നേടിയ ഗോളാണ് ലിവർപൂളിന് കിരീടം സമ്മാനിച്ചത്. ലിവർപൂളിന്റെ പത്താം ലീഗ് കപ്പ് കിരീടമാണിത്.