ഇംഗ്ലണ്ട് ഇന്ത്യ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 207/2 എന്ന നിലയിൽ. ആക്രമിച്ചു തന്നെ കളിച്ച ഇംഗ്ലണ്ട് വെറും 35 ഓവറിലേക്ക് ആണ് 207 റൺസ് എടുത്തത്. ഡക്കറ്റിന്റെ തകർപ്പൻ സെഞ്ച്വറി ആണ് അവർക്ക് കരുത്തായത്. 118 പന്തിൽ 133 റൺസുമായി ഡക്കറ്റ് ഇപ്പോഴും ക്രീസിൽ ഉണ്ട്. 13 ഫോറും 2 സിക്സും താരം അടിച്ചു. 9 റൺസുമായി റൂട്ട് ആണ് ഒപ്പമുള്ളത്.
15 റൺസ് എടുത്ത സാക് ക്രോലി, 39 റൺസ് എടുത്ത ഒലി പോപ് എന്നിവരുടെ വിക്കറ്റുകൾ അവർക്ക് നഷ്ടമായിം ക്രോളിയുടെ വിക്കറ്റ് എടുത്ത് കൊണ്ട് അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിക് അഞ്ഞൂറ് വിക്കറ്റിലേക്ക് എത്തി. ഒലി പോപിനെ സിറാജാണ് പുറത്താക്കിയത്. ഇപ്പോൽ ഇംഗ്ലണ്ട് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 238 റൺസ് പിറകിലാണ്.
നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ 445ൽ അവസാനിച്ചിരുന്നു. ലഞ്ചിന് ശേഷം പെട്ടെന്ന് തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഇന്ന് രാവിലെ ജഡേജ 112 റൺസ് എടുത്ത് ജോ റൂട്ടിന്റെ പന്തിൽ പുറത്തായപ്പോൾ 4 റൺസ് എടുത്ത കുൽദീപ് ആൻഡേഴ്സന്റെ പന്തിലും പുറത്തായി.
പിന്നീട് അശ്വിനും ജുറലും ചേർന്ന് ഒരു നല്ല കൂട്ടുകെട്ട് പടുത്തു. 104 പന്തിൽ നിന്ന് 46 റൺസുമായി ദ്രുവ് ജുറൽ തിളങ്ങി. 89 പന്തിൽ നിന്ന് 37 റൺസ് എടുത്ത് അശ്വിനും പുറത്തായി. രണ്ട് വിക്കറ്റുകളും രെഹാൻ അഹമ്മദ് ആണ് വീഴ്ത്തിയത്. അവസാനം ബുമ്ര ആക്രമിച്ചു കളിച്ച് 28 പന്തിൽ നിന്ന് 26 റൺസും എടുത്തു. ഇംഗ്ലണ്ടിനായി മാർക് വൂഡ് 4 വിക്കറ്റും രെഹാൻ അഹമ്മദ് 2 വിക്കറ്റും വീഴ്ത്തി.
ഇന്നലെ രോഹിത് ശർമ്മയുടെയും ജഡേജയുടെയും സെഞ്ച്വറിയും സർഫറാസിന്റെ അർധ സെഞ്ച്വറിയുടെയും ബലത്തിൽ ആദ്യ ദിനം 326/5 എന്ന മികച്ച നിലയിലായിരുന്നു കളി അവസാനിപ്പിച്ചത്.