മൂന്നാം ടെസ്റ്റിലും കെ എൽ രാഹുൽ ഉണ്ടാകില്ല. രാഹുലിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ രാഹുലിനെ ഒഴിവാക്കാൻ ബി സി സി ഐ തീരുമാനിച്ചു. പകരം ദേവ്ദത്ത് പടിക്കൽ ടീമിലേക്ക് എത്തും.
വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തിലും കെ എൽ രാഹുൽ ഉണ്ടായിരുന്നില്ല. മികച്ച ഫസ്റ്റ് ക്ലാസ് സീസൺ ആസ്വദിക്കുന്ന ദേവദത്ത് പടിക്കലിന്റെ വരവ് ടീമിന് മധ്യനിരയിൽ ശക്തി നൽകും എന്ന് പ്രതീക്ഷിക്കാം. 23 കാരനായ പടിക്കൽ അവസാന രഞ്ജി മത്സരത്തിൽ 151 റൺസ് നേടിയിരുന്നു.
ഈ സീസണിൽ മികച്ച ഫോമിലാണ് പടിക്കൽ. പഞ്ചാബിനെതിരെ 193 റൺസ് നേടിയ അദ്ദേഹം ഗോവക്കെതിരെ 103 റൺസും അടിച്ചിരുന്നു. അത് കൂടാതെ ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളിൽ ഇന്ത്യ എയ്ക്ക് വേണ്ടി തൻ്റെ മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് 105, 65, 21 എന്നിങ്ങനെ നല്ല സ്കോറും പടിക്കൽ നേടി.