വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ ഉയർത്തെഴുന്നേൽപ്പ്. ഇന്നത്തെ ദിവസം വെസ്റ്റിൻഡീസ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരിക്കലും മറക്കപ്പെടാത്ത ദിവസം ആകും. ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടെസ്റ്റിൽ 8 റൺസിന്റെ വിജയം നേടാൻ അവർക്ക് ആയി. ഓസ്ട്രേലിയയുടെ ഉരുക്ക് കോട്ടയിൽ ഒന്നായ ഗാബയിൽ ആണ് വെസ്റ്റിൻഡീസ് ഈ ചരിത്ര വിജയം നേടിയത്. വെസ്റ്റിൻഡീസിനെതിരെ രണ്ടാം ഇന്നിംഗ്സിൽ ജയിക്കാൻ 216 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 207 റണ്ണിന് ഒളൗട്ട് ആയി.
ഇന്ന് നാലാം ദിനം 56-2 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് ആയി ഒരു വശത്ത് സ്റ്റീബ് സ്മിത്ത് ഉറച്ചു നിന്നു എങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണു കൊണ്ടേ ഇരുന്നു. പരിക്ക് മാറി ഇന്ന് ബൗൾ ചെയ്യാൻ എത്തിയ ഷമാർ ജോസഫ് 7 വിക്കറ്റുകൾ വീഴ്ത്തി. ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 29 റൺസ് ആയിരുന്നു. അപ്പോഴേക്കും അവരുടെ എട്ട് വിക്കറ്റുകൾ വീണിരുന്നു.
191ൽ ഇരിക്കെ ലിയോണും പുറത്തായി. ഇതോടെ 1 വിക്ക് അല്ലെങ്കിൽ 25 റൺസ് എന്നായി. പിന്നെ കാര്യങ്ങൾ തീർത്തും സ്മിത്തിന്റെ കൈകളിലായി. സ്മിത്ത് ഒരു സിക്സും ഫോറും അടിച്ച് ജയിക്കാൻ 13 റൺസ് എന്നാക്കി. പക്ഷെ അടുത്ത ഓവറിൽ ഷമാർ ജോസഫിന്റെ പന്ത്നേരിടേണ്ടി വന്ന ഹേസൽ വുഡിന്റെ വിക്കറ്റ് തെറിച്ചു. ഷമാറിന്റെ ഏഴാം വിക്കറ്റും വെസ്റ്റിൻഡീസിന്റെ വിജയ നിമിഷവും. ഒരു വശത്ത് 91 റൺസുമായി സ്മിത്ത് പുറത്താകാതെ നിന്നു.
ആദ്യ ഇന്നിംഗ്സിൽ വെസ്റ്റിൻഡീസ് 311ന് ഓളൗട്ട് ആയപ്പോൾ ഓസ്ട്രേലിയ 289 റണ്ണിന് ഡിക്ലയർ ചെയ്തിരുന്നു. രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസ് 193ന് ഓളൗട്ട് ആവുകയും ചെയ്തു. 1997ന് ശേഷം ആദ്യമായാണ് വെസ്റ്റിൻഡീസ് ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്.