ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസ് വിട്ട് പോയത് വലിയ കാര്യമല്ല എന്ന് മുഹമ്മദ് ഷമി. കളിക്കാർ ഐപിഎല്ലിൽ ഫ്രാഞ്ചൈസികൾ മാറുന്നത് സ്വാഭാവികമാണെന്നും അത് ടീമിനെ കാര്യമായി ബാധിക്കണമെന്നില്ല എന്നും ഷമി പറഞ്ഞു. അവസാന രണ്ടു സീസണുകളിൽ ഹാർദികിന്റെ കീഴിൽ ആയിരുന്നു ഷമി കളിച്ചിരുന്നത്.
“നോക്കൂ, ആരു പോയാലും പ്രശ്നമല്ല. ടീമിന് ബാലൻസ് ഉണ്ടാകണം എന്നേ ഉള്ളൂ. ഹാർദിക് ഉണ്ടായിരുന്നു, അദ്ദേഹം ഞങ്ങളെ നന്നായി നയിച്ചു. രണ്ട് എഡിഷനുകളിലും അദ്ദേഹം ഞങ്ങളെ ഫൈനലിലെത്തിച്ചു, 2022 ൽ ഞങ്ങൾക്ക് കിരീടം നേടിക്കൊടുത്തു. പക്ഷേ ഗുജറാത്തിന് ഹാർദിക്കിനെ ജീവിതകാലം മുഴുവൻ ഒപ്പം നിർത്താൻ ആകില്ല. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്, ”ഷമി ന്യൂസ് 24 നോട് പറഞ്ഞു.
“ശുബ്മാനെ ഇപ്പോൾ ക്യാപ്റ്റൻ ആക്കി, അവനും അനുഭവപരിചയം ലഭിക്കും. ഒരു ദിവസം, അവനും പോയേക്കാം. അത് കളിയുടെ ഭാഗമാണ്. കളിക്കാർ വരുന്നു, കളിക്കാർ പോകുന്നു,” ഷമി കൂട്ടിച്ചേർത്തു.