ഓസ്ട്രേലിയ പേസർ മിച്ചൽ സ്റ്റാർകിനെ വൻ ലേല പോരാട്ടത്തിന് ഒടുവിൽ റെക്കോർഡ് തുകയ്ക്ക് കെ കെ ആർ സ്വന്തമാക്കി. ഡെൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസുമായിരുന്നു ആദ്യം സ്റ്റാർകിനായി രംഗത്ത് ഉണ്ടായിരുന്നത്. 2 കോടിയിൽ നിന്ന് തുടങ്ങിയ ബിഡ് 10ന് മുകളിലേക്ക് പോയപ്പോൾ കെ കെ ആറും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള പോരാട്ടമായി മാറി. സ്റ്റാർക്കിനായുള്ള യുദ്ധം അവസാനം 20 കോടി കടന്നു. 24 കോടി 75 ലക്ഷത്തിൽ എത്തിയപ്പോൾ ഗുജറാത്ത് പിന്മാറി. ഇതോടെ താരം കൊൽക്കത്തയിലേക്ക് എത്തി.
കമ്മിൻസിനെ സൺ റൈസേഴ്സ് വാങ്ങിയ 20 കോടി 50 ലക്ഷം എന്ന റെക്കോർഡ് ആണ് സ്റ്റാർക്കിന്റെ ബിഡ് തുകയോടെ തകർന്നത്. ഐ പി എല്ലിലെ എക്കാലത്തെയും വലിയ തുക ആണ് ഇത്.
സ്റ്റാർക് നീണ്ട ഇടവേളക്ക് ശേഷമാണ് ഐ പി എല്ലിൽ കളിക്കുന്നത്. മുമ്പ് 2014-15 സീസണിൽ സ്റ്റാർക് ആർ സി ബിയുടെ ഭാഗമായിരുന്നു. ഐ പി എല്ലിൽ 27 മത്സരങ്ങൾ കളിച്ചിട്ടുള്ള സ്റ്റാർക് 34 വിക്കറ്റുകൾ നേടിയിട്ടുണ്ട്.