U19 ഏഷ്യാ കപ്പ് സെമിഫൈനലിൽ ഇന്ത്യയും പാകിസ്താനും പരാജയപ്പെട്ടു. ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ബംഗ്ലാദേശ് U19 ഏഷ്യാ കപ്പിന്റെ ഫൈനലിലേക്ക് ബംഗ്ലാദേശ് കടന്നു. ടൂർണമെന്റിന്റെ ഫൈനലിൽ അവർ ഇനി യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ (യുഎഇ) നേരിടും. പാകിസ്താനെ 11 റൺസിന് തോൽപ്പിച്ച് ആണ് യുഎഇ ഫൈനലിൽ എത്തിയത്.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.4 ഓവറിൽ 188 റൺസിന് പുറത്തായി. മുഷീർ ഖാനും മുരുകൻ അഭിഷേക്കും യഥാക്രമം 50 ഉം 62 ഉം സ്കോർ ചെയ്തെങ്കിലും അവരുടെ ശ്രമം പാഴായി. ഇന്ത്യ 15.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 61 എന്ന നിലയിൽ ഒതുങ്ങിയതിന് ശേഷം ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 84 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
10-1-41-4 എന്ന കണക്കുകളോടെ മറുഫ് മൃദയാണ് ബംഗ്ലാദേശിനായി ബൗൾ കൊണ്ട് തിളങ്ങിയത്. മറുപടൊ ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് തുടക്കത്തിൽ മൂന്ന് വിക്കറ്റിന് 34 എന്ന നിലയിൽ പതറി എങ്കിലും ആരിഫുൾ ഇസ്‌ലാമും അഹ്‌രാർ അമിനും നാലാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ട് അവരെ ജയത്തിലേക്ക് നയിച്ചു.
ആരിഫുൾ 90 പന്തിൽ 94 റൺസെടുത്തപ്പോൾ അമീൻ 44 റൺസെടുത്തു. ഇന്ത്യക്കായി നമാൻ തിവാരിയും രാജ് ലിംബാനിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി, എന്നാൽ ബംഗ്ലാദേശ് 7.1 ഓവർ ശേഷിക്കെ ലക്ഷ്യം മറികടന്നു.