ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾ മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ വെറും 136 റൺസിനു ഓളൗട്ട് ആക്കി. ആദ്യ ഇന്നിംഗ്സിൽ 428 റൺസ് നേടിയ ഇന്ത്യ ഇതോടെ 292 റൺസിന്റെ ലീഡ് നേടി. ഇനി ഇംഗ്ലണ്ടിനെ ഫോളോൺ ചെയ്യിക്കുമോ അതോ ഇന്ത്യ വീണ്ടും ബാറ്റു ചെയ്യുമോ എന്ന് കണ്ടറിയണം. 5 വിക്കറ്റ് എടുത്ത ദീപ്തി ശർമ്മയുടെ ബൗളിങ് ആണ് ഇന്ത്യക്ക് കരുത്തായത്.
സ്നേഹ റാണ 2 വിക്കറ്റും രേണുക, പൂജ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി. ഇംഗ്ലണ്ടിനായി 59 റൺസ് എടുത്ത നാറ്റ് സ്കിവിയർ ബ്രണ്ട് മാത്രമെ തിളങ്ങിയുള്ളൂ.
നേരത്തെ രണ്ടാം ദിവസം ഇന്ത്യൻ ടീം 410-7 എന്ന സ്കോറിൽ ആണ് കളി ആരംഭിച്ചത്. 18 റൺസ് ചേർക്കുന്നതിനിടയിൽ ഇന്ത്യയുടെ ശേഷിക്കുന്ന 3 വിക്കറ്റുകളും നഷ്ടമായി. ദീപ്തി ശർമ്മ ഇന്ത്യക്ക് ആയി 68 റൺസ് എടുത്തു.
ഇന്നലെ ആദ്യ ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യക്ക് സ്മൃതി മന്ദാനയെ 17 റൺസിനും ഷഫാലിയെ 19 റൺസിനും ഇന്ത്യക്ക് നഷ്ടമായിരുന്നു. അവിടെ നിന്ന് ശുഭ സതീഷും ജമീമ റോഡ്രിഗസും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. ടെസ്റ്റിൽ ഇരുവരുടെയും അരങ്ങേറ്റമായിരുന്നു ഇന്ന്. ഇരുവരും അർധ സെഞ്ച്വറി നേടി.
ശുഭ ആക്രമിച്ചു തന്നെ കളിച്ചു. 76 പന്തിൽ നിന്ന് 69 റൺസ് എടുത്താണ് ശുഭ പുറത്തായത്. 13 ഫോറുകൾ ശുഭ അടിച്ചു. ജമീമ 68 റൺസും എടുത്തു. 99 പന്ത് ബാറ്റു ചെയ്ത ജമീമ 11 ഫോറുകൾ നേടി. അതിനു ശേഷം ഹർമൻപ്രീത് കൗറും യാശിക ഭാട്ടിയയും നല്ല കൂട്ടുകെട്ട് പടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് 81 പന്തിൽ നിന്ന് 49 റൺസ് എടുത്ത് റണ്ണൗട്ട് ആയി.യാസ്തിക ബാട്ടിയ 88 പന്തിൽ നിന്ന് 66 റൺസ് എടുത്തു.