ബ്രസീലിയൻ ആഭ്യന്തര ലീഗ് സീരി എ അവസാനിക്കുമ്പോൾ വീണ്ടും ചാമ്പ്യന്മാന്മാരായി പാൽമിറാസ്. ടൂർണമെന്റ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള ടീമായ പാൽമിറാസ് ഇത് 12ആം തവണയാണ് കിരീടം ഉയർത്തുന്നത്. അവസാന മത്സരം ജയിച്ച ഗ്രെമിയോ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അത്ലറ്റികോ മിനെറോ, ഫ്ലെമേംഗോ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
മുപ്പത് മാച്ച് വീക്കുകളോളം ലീഗിൽ ഒന്നാം സ്ഥാനം അലങ്കരിച്ച ബോട്ടാഫോഗോയുടെ വീഴ്ചയാണ് ആരാധകരെ ഞെട്ടിച്ചത്. അവസാന 11 മത്സരങ്ങളോളം അവർക്ക് ജയം നേടാൻ സാധിച്ചില്ല. ഇതോടെ ആദ്യ മൂന്നിൽ എത്താൻ പോലും അവർക്ക് സാധിച്ചില്ല. അത്ലറ്റികോ മിനെറോ താരം പൗളിഞ്ഞോ ടോപ്പ് സ്കോറർ ആയപ്പോൾ ഗ്രെമിയോ താരം ലൂയിസ് സുവാരസ് രണ്ടാം സ്ഥാനത്ത് എത്തി. താരം അടുത്ത സീസണിൽ എംഎൽഎസിൽ പന്തു തട്ടും എന്നാണ് സൂചന.
അതേ സമയം പെലെ മുതൽ നെയ്മർ വരെ പന്തു തട്ടിയ സാന്റോസ് റെലെഗെഷൻ നേരിട്ടു. ക്ലബ്ബിന്റെ 111 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ടീം തരം താഴ്ത്തൽ നേരിടുന്നത്. ലീഗിലെ അവസാന മത്സരത്തിൽ ഫോർറ്റലെസയോട് 2-1 ന് തോൽവി നേരിടുകയായിരുന്നു അവർ.