77ആം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന്റെ ഗ്രൂപ്പ് ഘട്ടം തെളിയുമ്പോൾ കേരളത്തിന്റെ സ്ഥാനം ഗ്രൂപ്പ് എയിൽ. എഐഎഫ്എഫ് ഔദ്യോഗിക കുറിപ്പിലൂടെയാണ് വിവരങ്ങൾ പുറത്തു വിട്ടത്. ടൂർണമെന്റ് സ്ഥാപിതമായ ശേഷം ആദ്യമായി അരുണാചലിലേക്ക് വിരുന്നെത്തുമ്പോൾ മാറിയ ഫോർമാറ്റും മത്സരങ്ങളുടെ ആവേശം വർധിപ്പിക്കും എന്നാണ് കണക്ക് കൂട്ടൽ. ആറു ടീമുകൾ അടങ്ങിയ രണ്ടു ഗ്രൂപ്പുകൾ ആണ് ഫൈനൽ റൗണ്ടിൽ ഉണ്ടായിരിക്കുക. ശേഷം ഇരു ഗ്രൂപ്പിൽ നിന്നും ആദ്യ നാല് ടീമുകൾ പ്രീ ക്വർട്ടറിലേക്ക് പ്രവേശിക്കും. നേരത്തെ ആദ്യ രണ്ടു ടീമുകൾ സെമി ഫൈനലിലേക്ക് കടക്കുന്ന രീതിയിൽ ആയിരുന്ന ടൂർണമെന്റ് ഫോർമാറ്റ്. ഫെബ്രുവരി 21 മുതൽ മാർച്ച് 9 വരെയാണ് ടൂർണമെന്റ് ദൈർഘ്യം.
ഗ്രൂപ്പ് എയിൽ കേരളത്തിനൊപ്പം ആതിഥേയരായ അരുണാചൽ പ്രദേശ്, മേഘാലയ, അസം, സർവീസസ്, ഗോവ എന്നിവർ അണിനിരക്കും. ഗ്രൂപ്പ് ബിയിൽ നിലവിലെ ജേതാക്കളായ കർണാടകയും, മഹാരാഷ്ട്ര, ഡൽഹി, മണിപ്പൂർ, മിസോറാം, റെയിൽവേയ്സ് എന്നീ ടീമുകളും ഉണ്ട്. നേരത്തെ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കളും, മൂന്ന് മികച്ച രണ്ടാം സ്ഥാനക്കാരും കൂടെ ആതിഥേയരായ അരുണാചൽ പ്രദേശ്, നിലവിലെ ഫൈനലിസ്റ്റുകൾ ആയ കർണാടക, മേഘാലയ എന്നിവരും ആണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. കേരളം മികച്ച രണ്ടാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടം പിടിക്കുകയായിരുന്നു. യോഗ്യതാ റൗണ്ടിൽ ഗോവയോട് തോൽവി പിണഞ്ഞതാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിന് വിലങ്ങു തടി ആയത്. എങ്കിലും യോഗ്യതാ ഘട്ടത്തിൽ ഗോളുകൾ അടിച്ചു കൂടിയിരുന്ന ടീം ഫൈനൽ റൗണ്ടിലും മികച്ച പ്രകടനം നടത്താൻ ആവുമെന്ന പ്രതീക്ഷയിലാവും.
Download the Fanport app now!