പരിക്കേറ്റ ട്രാവിസ് ഹെഡിന് റിക്കവര്‍ ചെയ്ത് ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ സെലക്ടര്‍മാര്‍ നൽകിയ പിന്തുണയും മെഡിക്കൽ ടീം നടത്തിയ ശ്രമങ്ങളും പ്രശംസനീയമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. വലിയ റിസ്കാണ് ഹെഡിനെ കളിപ്പിച്ചതിലൂടെ ഓസ്ട്രേലിയ എടുത്തതെന്നും എന്നാൽ അത് പെയ്ഡ് ഓഫ് ആയി എന്നതിൽ സന്തോഷമുണ്ടെന്നും കമ്മിന്‍സ് വ്യക്തമാക്കി.
ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ ഓസ്ട്രേലിയ തുടരെയുള്ള രണ്ട് തോൽവികളിൽ നിന്ന് തിരിച്ചുവരവ് നടത്തി മെല്ലേ ട്രാക്കിലേക്ക് എത്തുമ്പോള്‍ ട്രാവിസ് ഹെഡ് ഓസ്ട്രേലിയയിൽ തന്റെ റിക്കവറി പ്രവൃത്തികളിൽ ഏര്‍പ്പെടുകയായിരുന്നു. ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയ്ക്കിടെയാണ് ട്രാവിസിന് പരിക്കേറ്റത്.
ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ താരത്തിന് പകരക്കാരനെ പ്രഖ്യാപിക്കാതെ കാത്ത് സൂക്ഷിച്ച വിശ്വാസം തന്റെ പ്രകടനത്തിലൂടെ താരം വീട്ടുകയായിരുന്നു. ആദ്യ അഞ്ച് മത്സരങ്ങള്‍ നഷ്ടമായ ഹെഡ് ന്യൂസിലാണ്ടിനെതിരെ തന്റെ ലോകകപ്പ് അരങ്ങേറ്റത്തിൽ 59 പന്തിൽ നിന്ന് ശതകം കുറിച്ച് തുടങ്ങിയപ്പോള്‍ ഓസ്ട്രേലിയ തന്നിൽ കാത്ത് സൂക്ഷിച്ച വിശ്വാസത്തിനുള്ള പ്രകടനമാണ് താരത്തിൽ നിന്നുണ്ടായത്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശ്രമകരമായ ചേസിൽ 48 പന്തിൽ നിന്ന് 62 റൺസാണ് ഹെഡ് നേടിയത്. ഫൈനലില്‍ 137 റൺസ് നേടി ഓസ്ട്രേലിയയെ ലോക ചാമ്പ്യന്മാരാക്കുവാനും ഹെഡിന് സാധിച്ചു.