ഉറുഗ്വെ പരിശീലകൻ ആയി ബിയേൽസ അത്ഭുതങ്ങൾ കാണിച്ചു തുടങ്ങുകയാണ്. അർജന്റീനയെ ഇന്ന് ഉറുഗ്വേ അർജന്റീനയിൽ ചെന്ന് തോൽപ്പിച്ചു. ലോക ചാമ്പ്യന്മാർ നീണ്ട കാലത്തിനു ശേഷം ഒരു മത്സരം പരാജയപ്പെടുന്നത് ഇന്ന് ലോകകപ്പ് യോഗ്യത റൗണ്ടിൽ കാണാൻ ആയി. മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു ഉറുഗ്വേയുടെ വിജയം.
പരിശീലിപ്പിച്ച ടീമുകളിൽ എല്ലാം തന്റെ മുദ്ര പതിപ്പിച്ചിട്ടുള്ള ബിയെൽസ ഉറുഗ്വേയിൽ എത്തിയത് മുതൽ ഉറുഗ്വേയുടെ കഷ്ടകാലവും മാറിവരികയാണ്. ഇന്ന് അർജന്റീനക്ക് ഒരു അവസരവും നൽകാത്ത പ്രകടനം ഉറുഗ്വേയിൽ നിന്ന് കാണാൻ ആയി. ലോക ചാമ്പ്യന്മാരുടെ നിരയിൽ മെസ്സി അടക്കം ഒരു വഴി കണ്ടെത്താൻ ആകാതെ കഷ്ടപ്പെട്ടു. ആദ്യ പകുതിയിൽ 41ആം മിനുട്ടിൽ ബാഴ്സലോണ ഡിഫൻഡർ അറോഹോ ആണ് ആദ്യ ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ അവസാനാം ലിവർപൂൾ താരം ഡാർവിൻ നൂനിയസും ഉറുഗ്വേക്ക് ആയി ഗോൾ നേടിയതോടെ അവരുടെ വിജയം ഉറപ്പായി. ഈ പരാജയം അർജന്റീനയുടെ ഈ ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ പരാജയമാണ്. എട്ട് മത്സരങ്ങളായി തുടരുന്ന അർജന്റീനയുടെ ക്ലീൻ ഷീറ്റ് യാത്രക്കും അവസാനമായി. അഞ്ചു മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി അർജന്റീന ഇപ്പോഴും ഒന്നാമത് നിൽക്കുന്നു. 10 പോയിന്റുമായി ഉറുഗ്വേ രണ്ടാമതും നിൽക്കുന്നു.