തന്റെ ക്യാപ്റ്റൻസിയുടെ മികവിന്റെ ക്രെഡിറ്റ് പരിശീലകൻ രാഹുൽ ദ്രാവിഡിന് നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ദ്രാവിഡിന്റെ പിന്തുണയാണ് ടീമിൽ എല്ലാവരുടെയും കാര്യങ്ങൾ എളുപ്പമാക്കുന്നത് എന്ന് രോഹിത് ശർമ്മ പറഞ്ഞു. “എന്റെ പക്കൽ ക്യാപ്റ്റൻസിക്കുള്ള മന്ത്രമൊന്നുമില്ല. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, നിങ്ങൾക്ക് ക്രിക്കറ്റ് ഒരു പ്രത്യേക രീതിയിൽ കളിക്കണമെങ്കിൽ അത് ടീം അറിഞ്ഞിരിക്കണം എന്ന് ഞാൻ കരുതുന്നു. ഒരു പ്രത്യേക കളിക്കാരൻ ഒരു പ്രത്യേക രീതിയിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്ക് പിന്തുണ നൽകണം.” രോഹിത് പറഞ്ഞു.
“അതിന് എന്നെ പിന്തുണച്ചതിന് രാഹുൽ ദ്രാവിഡ് ഭായിക്കു ക്രെഡിറ്റ് നൽകണം – ചില സമയങ്ങളിൽ ആ പിന്തുണ വന്നില്ലെങ്കിൽ കളിക്കാർക്ക് പ്രകടനം നടത്താൻ ആകില്ല. റോൾ വ്യക്തതയും സ്വാതന്ത്ര്യവും പ്രധാനമാണ്.” രോഹിത് പറഞ്ഞു.
2011 ടീമാണോ ഇപ്പോഴത്തെ ഇന്ത്യൻ ടീമാണോ മികച്ചത് എന്ന് തനിക്ക് അറിയില്ല എന്നും രോഹിത് പറഞ്ഞു. “ഞാൻ 2011 ടീമിന്റെ ഭാഗമായിരുന്നില്ല. ഏത് ടീമാണ് മികച്ചതെന്ന് എനിക്കറിയില്ല. 2019ലെ ടീമിനേക്കാൾ മെച്ചമാണോ 2023ലെ ടീം എന്ന് എനിക്ക് പറയാൻ കഴിയില്ല” രോഹിത് പറഞ്ഞു.