ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ മികച്ച ടോട്ടൽ ഉയർത്തി ഇന്ത്യ. ബാറ്റിംഗ് അത്ര എളുപ്പമല്ലാതിരുന്ന ഈഡൻ ഗാർഡനിലെ സ്ലോ പിച്ചിൽ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എടുക്കാൻ ഇന്ത്യക്ക് ആയി. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യറിന്റെയും പക്വതയാർന്ന ഇന്നിംഗ്സ് ആണ് ഇന്ത്യക്ക് കരുത്തായത്. വിരാട് സച്ചിന്റെ ഏകദിന റെക്കോർഡിനൊപ്പം എത്തിയ 49ആം സെഞ്ച്വറി ഇന്ന് നേടി.
മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് ഇന്ന് ലഭിച്ചത്. രോഹിത് ശർമ്മ ആക്രമിച്ചു തന്നെ കളി തുടങ്ങി. 24 പന്തിൽ നിന്ന് 40 റൺസ് എടുത്താണ് രോഹിത് പുറത്തായത്. ആദ്യ പത്ത് ഓവറിൽ 90 റൺസ് എടുക്കാൻ ഇന്ത്യക്ക് ആയിരുന്നു. 23 റൺസ് എടുത്ത ഗിൽ പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിൽ ആയി. മഹാരാജിന്റെ മികച്ച സ്പിൻ ഇന്ത്യൻ സ്കോറിംഗിന്റെ വേഗത കുറച്ചു. ശ്രേയസും കോഹ്ലിയും പതുക്കെ കളിച്ച് ഇന്നിംഗ്സ് കെട്ടിപടുത്തു.
ശ്രേയസ് 87 പന്തിൽ നിന്ന് 77 റൺസ് ആണ് എടുത്തത്. 2 സിക്സും 7 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്. കെ എൽ രാഹുൽ 8 റൺസ് എടുത്തും പിറകെ പുറത്തായി. അപ്പോഴും കോഹ്ലി ഒരു വശത്ത് ക്ഷമയോടെ ബാറ്റു ചെയ്തു. അവസാനം സൂര്യകുമാർ റൺ കണ്ടെത്തിയതോടെ ഇന്ത്യ 300ലേക്ക് അടുത്തു. സൂര്യ 13 പന്തിൽ നിന്ന് 22 റൺസ് എടുത്ത് പുറത്തായി.
കോഹ്ലി 121 പന്തിൽ നിന്ന് 101 റൺസ് എടുത്തു. 10 ഫോർ അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ജഡേജ അവസാനം 15 പന്തിൽ നിന്ന് 29 റൺസ് എടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് ആയി എൻഡിഡി, യാൻസൺ, റബാഡ, മഹാരാജ്, ഷംസി എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.