നേപ്പാളും ഒമാനും 2024 ലെ പുരുഷ T20 ലോകകപ്പിൽ തങ്ങളുടെ യോഗ്യത ഉറപ്പിച്ചു. ഇന്ന് ഇരു ടീമുകളും സെമി ഫൈനലുകൾ ജയിച്ചാണ് യോഗ്യത ഉറപ്പിച്ചത് ഒമാൻ പത്ത് വിക്കറ്റിന് ബഹ്‌റൈനെ പരാജയപ്പെടുത്തിയപ്പോൾ നേപ്പാൾ എട്ട് വിക്കറ്റിന് യു.എ.ഇയെ പരാജയപ്പെടുത്തി.
ഒമാന്റെ അക്വിബ് ഇല്യാസ് 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ അവർ ബഹ്‌റൈനെ 9 വിക്കറ്റിന് 106 എന്ന നിലയിൽ ഒതുക്കി. ഓപ്പണർമാരായ കശ്യപ് പ്രജാപതിയും പ്രതീക് അത്താവലെയും ചേർന്ന് ആറ് ഓവറിനുള്ളിൽ ലക്ഷ്യം മറികടന്നു.
നേപ്പാൾ ഇന്ന് യു.എ.ഇ.യെ 9 വിക്കറ്റിന് 134 എന്ന സ്‌കോറിൽ പിടിച്ചുനിർത്തി. നേപ്പാൾ അവരുടെ ഓപ്പണർ ആസിഫ് ഷെയ്ഖിന്റെ മികച്ച ഇന്നിംഗ്സിന്റെ ബലത്തിൽ എട്ടു വിക്കറ്റ് വിജയം നേടി. 63 റൺസ് എടുത്ത് ആസിഫ് ടോപ് സ്കോറർ ആയി.
വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും ആതിഥേയത്വം വഹിക്കുന്ന 2024 ടി20 ലോകകപ്പിൽ നേപ്പാളും ഒമാനും ബെർത്ത് ഉറപ്പിച്ചതോടെ ആകെ 18 ടീമുകൾ ആയി. ഈ മാസാവസാനം സമാപിക്കുന്ന ആഫ്രിക്കൻ യോഗ്യതാ മത്സരത്തിൽ ടൂർണമെന്റിന്റെ അവസാന രണ്ട് സ്ഥാനങ്ങൾ കൂടെ നിർണ്ണയിക്കപ്പെടും.